തിരുവനന്തപുരം: ഫയൽ തീര്‍പ്പാക്കുന്നതിലെ കാലതാമസം ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫയൽ നീക്കങ്ങളും തീരുമാനങ്ങളും വേഗത്തിലാക്കണമെന്ന് സെക്രട്ടറിമാരോട് നിർദ്ദേശിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഫയല്‍ എത്ര ദിവസം ഉദ്യോഗസ്ഥര്‍ക്ക് വയ്ക്കാമെന്ന പരിധി വയ്ക്കും.
ഫയൽ വിവരങ്ങൾ ചോർത്തുന്നത് സംഭവിക്കാൻ പാടില്ലാത്ത നടപടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
ഇന്ന് വകുപ്പ് സെക്രട്ടറിമാരുടെ യോഗം ഓണ്‍ലൈനായി ചേർന്നു. സർക്കാർ നയം നടപ്പിലാക്കുന്ന ഏറ്റവും സീനിയറായ ഉദ്യോഗസ്ഥരാണ് സെക്രട്ടറിമാർ. ഫയലുകൾ തീർപ്പാക്കുന്നതിൽ കാലതാമസം ഇപ്പോഴും നിലനിൽക്കുന്നു. ഇതൊഴിവാക്കണം. ഒരാളുടെ കയ്യില്‍ ഫയൽ എത്രകാലം വയ്ക്കാം എന്നതിന് പരിധി നിശ്ചയിക്കണം. ഒരു ഫയൽ വളരെയധികം പേർ പരിശോധിക്കണോ എന്ന് ചിന്തിക്കണം.
ഫയൽ നീക്കവും ഫയലിലെ തീരുമാനവും നിലവിലെ രീതിയിൽ പോരാ. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ പുതിയ സംവിധാനം കൊണ്ടുവന്ന് ഇക്കാര്യത്തിൽ ആലോചന വേണം. തീരുമാനം സത്യസന്ധമായി കൈക്കൊളുമ്പോൾ അനാവശ്യമായ ഭയവും ആശങ്കയും ആർക്കും വേണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥർക്ക് സർക്കാർ പൂർണ പിന്തുണ നൽകും. എന്നാൽ അഴിമതി കാണിച്ചാൽ ഒരു സംരക്ഷണവും പ്രതീക്ഷിക്കേണ്ട.
ഫയൽ തീർപ്പാക്കാൽ പദ്ധതി കഴിഞ്ഞ സർക്കാർ രണ്ടുതവണ നടപ്പാക്കി. ഇത് ഭരണക്രമത്തിന്‍റെ ഭാഗമായി തീർക്കണം. സങ്കട ഹർജികൾ, പരാതികൾ എന്നിവ വ്യക്തിഗത പ്രശ്നമാണെങ്കിലും അവ പരിഹരിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായി സംവിധാനത്തിലെ പോരായ്മകൾ എന്തെല്ലാം എന്നുകൂടി സെക്രട്ടറിമാർ ശ്രദ്ധിക്കണം. ഭരണപരിഷ്കരണവും നവീകരണവും തുടർപ്രക്രിയായി നടക്കേണ്ടതാണ്. ഭരണപരിഷ്കാര കമ്മീഷനിലെ ശുപാർശകൾ ഗൗരവമായി കണ്ട് നടപടി സ്വീകരിച്ചോ എന്ന് ഒരോ സെക്രട്ടറിയും പരിശോധിക്കും.
സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കലിലേക്കുള്ള ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യണമെന്ന് നിർദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് കൃത്യമായി നടന്നോ എന്ന് ചീഫ് സെക്രട്ടറി പരിശോധിക്കും. ഇനിയും പിഎസ്‍സിക്ക് വിടാതെ നിയമനങ്ങൾ ഏറ്റെടുക്കാൻ സ്പെഷ്യൽ റൂൾ വേണം. അതിനുള്ള നടപടി സെക്രട്ടറിമാർ എടുക്കണമെന്നും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.