KeralaNews

ലക്ഷദ്വീപില്‍ എയർ ആംബുലൻസിന് പ്രത്യേക സമിതിയുടെ അനുമതി വേണം; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് അഡ്മിനിസ്ട്രേറ്റർ

കൊച്ചി:പ്രതിഷേധങ്ങൾ അവഗണിച്ച് പുതിയ തീരുമാനങ്ങളും കടുത്ത നിയന്ത്രണങ്ങളും ഏർപ്പെടുത്തി ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ. ദ്വീപിലെ എയർ ആംബുലൻസ് സംവിധാനത്തിന് നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവാണ് പുതിയ നീക്കം. 24 നാണ് ഉത്തരവ് ഇറങ്ങിയിരിക്കുന്നത്.

വിദഗ്ധ ചികിത്സയ്ക്കായി എയർ ആംബുലൻസിൽ മാറ്റേണ്ട രോഗികളുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ അഡ്മിനിസ്ട്രേറ്റർ നാലംഗ സമിതിയെ നിയോഗിച്ചു. മെഡിക്കൽ ഡയറക്ടർ ഉൾപ്പെടുന്ന നാലംഗ സമിതിയുടെ തീരുമാനത്തിന് അനുസരിച്ച് മാത്രമേ ഇനി രോഗികളെ എയർ ആംബുലൻസിൽ മാറ്റാൻ സാധിക്കു. കമ്മിറ്റിയുടെ അനുമതി ഇല്ലെങ്കിൽ രോഗികളെ കപ്പൽ മാർഗമേ മാറ്റാൻ സാധിക്കുകയുള്ളു.

നേരത്തെ അതാത് ദ്വീപുകളിലെ മെഡിക്കൽ ഓഫീസർക്ക് എയർ ആംബുലൻസിന് അനുമതി നൽകാൻ സാധിക്കുമായിരുന്നു. പുതിയ തീരുമാനം ദ്വീപിലെ സാഹചര്യം കൂടുതൽ സങ്കീർണമാക്കുമെന്നാണ് ദ്വീപ് നിവാസികൾ പറയുന്നത്.

വിവിധ വകുപ്പുകളിലെ കാര്യക്ഷമതയില്ലാത്ത ജീവനക്കാരെ കണ്ടെത്താനാവശ്യപ്പെടുന്ന പുതിയ ഉത്തരവും ഇറക്കിയിട്ടുണ്ട്. കാര്യക്ഷമതയില്ലാത്ത ജീവനക്കാർക്കെതിരേ നടപടിയുണ്ടായേക്കും. വിവിധ വകുപ്പുകളിലെ കരാർ ജീവനക്കാരായ ദ്വീപുകാരെ പിരിച്ചുവിട്ടതിൽ വലിയ പ്രതിഷേധമുയരുന്നതിനിടെയാണ് പുതിയ തീരുമാനം.

അതേസമയം അഡ്മിനിസ്ട്രേറ്റർക്കെതിരേ പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്യാൻ ദ്വീപിൽ വ്യാഴാഴ്ച സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്. വൈകീട്ട് നാല് മണിക്ക് ഓൺലൈനായി ചേരുന്ന യോഗത്തിൽ എംപി ഉൾപ്പെടെ ദ്വീപിലെ എല്ലാ പാർട്ടികളുടെ നേതാക്കളും പങ്കെടുക്കും. യോഗത്തിൽ പങ്കെടുക്കുന്ന കാര്യം ചർച്ചചെയ്ത് തീരുമാനിക്കുമെന്ന് ദ്വീപിലെ ബിജെപി നേതൃത്വം വ്യക്തമാക്കി.

അഡ്മിനിസ്ട്രേറ്ററെ തിരികെ വിളിക്കുക, പരിഷ്കാരങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് രാഷ്ട്രപതിക്ക് ഭീമഹർജി നൽകാനുള്ള ഒരുക്കത്തിലാണ് ദ്വീപ് നിവാസികൾ. ഇതിനായുള്ള ഒപ്പു ശേഖരണം പുരോഗമിക്കുകയാണ്.

ഹൈക്കോടതിയിലും സുപ്രീംകോടതിയുലുമായി നിയമനടപടികൾ സ്വീകരിക്കാനും ലക്ഷദ്വീപ് എംപിയും വിവിധ സംഘടനകളും ആലോചന തുടങ്ങിയിട്ടുണ്ട്. അഡ്മിനിസ്ട്രേറ്റർക്കെതിരേ ദേശീയ തലത്തിൽ പ്രക്ഷോഭം സംഘടിപ്പിക്കാൻ എൻസിപിയും തീരുമാനിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker