തിരുവനന്തപുരം: ഫെബ്രുവരി ഒന്നുമുതല്‍ നടക്കുന്ന പി.എസ്.സി പരീക്ഷകള്‍ക്ക് 15 മിനിറ്റ് അധികം അനുവദിക്കും. പ്രാഥമിക പരീക്ഷ ഒഴികെയുള്ള എല്ലാ ഒഎംആര്‍/ഓണ്‍ലൈന്‍ പരീക്ഷകളും 90 മിനിറ്റാക്കാനാണ് പി എസ് സി തീരുമാനം. പ്രാഥമിക പരീക്ഷകള്‍ക്ക് നിലവിലെ 75 മിനിറ്റ് തുടരും.
ചോദ്യരീതിയിലുണ്ടായ മാറ്റത്തിനനുസരിച്ചാണ് പരീക്ഷ എഴുതാനുള്ള സമയത്തിലും മാറ്റം വരുത്താന്‍ തീരുമാനിച്ചിരിക്കുന്നത്. നേരിട്ടുള്ള ചോദ്യങ്ങള്‍ക്ക് പകരം പ്രസ്താവനകള്‍ നല്കി അവ വിലയിരുത്തി ഉത്തരം കണ്ടെത്തുന്ന രീതിയിലേക്കാണ് ചോദ്യശൈലി മാറ്റിയത്.
ഇത് പരീക്ഷയുടെ നിലവാരം മെച്ചപ്പെടുത്താന്‍ ഗുണകരമാണെന്നാണ് വിലയിരുത്തല്‍. അതേസമയം ചോദ്യം വായിച്ച് മനസ്സിലാക്കാന്‍ തന്നെ സമയം തികയിലിലെന്ന പരാതി ഉയര്‍ന്ന പശ്ചാതലത്തിലാണ് പരീക്ഷാസമയം കൂട്ടാന്‍ തീരുമാനിച്ചത്.