തിരുവനന്തപുരം: നിലവിലെ പി.എസ്.സി പരീക്ഷാരീതി ക്രമക്കേടുകള്‍ക്ക് വഴിവയ്ക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടി ക്രമക്കേടുകള്‍ തടയാന്‍ ശിപാര്‍ശകളുമായി ക്രൈംബ്രാഞ്ച്. മൊബൈല്‍ ഫോണ്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവ പരീക്ഷാ ഹാളില്‍ വിലക്കുക, ഇതിനായി ശാരീരിക പരിശോധന നടത്തുക, പരീക്ഷാ ഹാളില്‍ വാച്ച് നിരോധിക്കുക, സമയം അറിയാന്‍ പരീക്ഷാ ഹാളില്‍ ക്ലോക്കുകള്‍ സ്ഥാപിക്കുക, ആള്‍മാറാട്ടവും കോപ്പിയടിയും തടയാന്‍ പരീക്ഷാ ഹാളില്‍ സിസിടിവി സ്ഥാപിക്കുക, പരീക്ഷാ പേപ്പറുകള്‍ മടക്കി കൊടുക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ സിസിടിവി ഹാര്‍ഡ് ഡിസ്‌ക്കും സീല്‍ ചെയ്ത് മടക്കി നല്‍കുക, മൊബൈല്‍ ജാമര്‍ സ്ഥാപിക്കുക എന്നിങ്ങനെയുള്ള നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ കത്ത് പി.എസ്.സിയുടെ ക്രൈംബ്രാഞ്ച് എഡിജിപി ടോമിന്‍ തച്ചങ്കരി പി.എസ്.സിയ്ക്ക് നല്‍കിയത്.
പരീക്ഷകള്‍ ഓണ്‍ലൈന്‍ ആക്കാന്‍ നടപടി വേണം, ചോദ്യപേപ്പറിന്റെ ഗണം മനസിലാക്കാന്‍ കഴിയാത്തവിധം സീറ്റിംഗ് മാറ്റണം, ഇന്‍വിജിലേറ്റര്‍മാര്‍ക്ക് യോഗ്യത നിശ്ചയിക്കണം തുടങ്ങിയവയും പരീക്ഷാ തട്ടിപ്പ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘം നിര്‍ദേശിക്കുന്നതായി കത്തില്‍ പറയുന്നു.