പി.എസ്.സി പരീക്ഷയ്ക്കിടെ ശിവരഞ്ജിത്തിന് 96ഉം പ്രണവിന് 78ഉം മെസേജുകള്‍ വന്നു; തെളിവുകള്‍ നിരത്തി പി.എസ്.സി ചെയര്‍മാന്‍
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയെ കുത്തിപരിക്കേല്‍പ്പിച്ച കേസിലെ പ്രതികളായ ശിവരഞ്ജിത്തും പ്രണവും പി.എസ്.സി പരീക്ഷയില്‍ ക്രമക്കേട് നടത്തിയതിനുള്ള കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് പി.എസ്.സി. പിഎസ്‌സി പരീക്ഷയ്ക്കിടെ ശിവരഞ്ജിത്തിന് 96 ഉം പ്രണവിന് 78ഉം സന്ദേശങ്ങള്‍ വന്നിരുന്നെന്ന് പിഎസ്സി ചെയര്‍മാന്‍ എം കെ സക്കീര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കോണ്‍സ്റ്റബിള്‍ പരീക്ഷയ്ക്കിടെ പ്രതികളുടെ ഫോണില്‍ രണ്ട് മണി മുതല്‍ മൂന്നേകാല്‍ മണി വരെ സന്ദേശങ്ങളെത്തിയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. പല ഫോണ്‍ നമ്പറുകളില്‍ നിന്നാണ് രണ്ട് പ്രതികള്‍ക്കും സന്ദേശങ്ങള്‍ ലഭിച്ചത്. ശിവരഞ്ജിത്തിന്റെ നമ്പറിലേക്ക് 7907508587, 9809269076 എന്നീ രണ്ട് നമ്പരില്‍ നിന്നും എസ്എംഎസ് വന്നുവെന്നും പ്രണവിന്റെ 9809555095 എന്ന നമ്പരിലേക്ക് 7907936722, 8589964981, 980926976 എന്നീ നമ്പരുകളില്‍ നിന്നും എസ്എംഎസ് വന്നുവെന്നും എം കെ സക്കീര്‍ പറഞ്ഞു. എസ്എംഎസ് വന്ന ഒരു നമ്പരിലേക്ക് പരീക്ഷക്ക് ശേഷം പ്രണവ് തിരിച്ചു വിളിച്ചിരുന്നെന്നും സക്കീര്‍ മാധ്യമങ്ങളോട് പറഞ്ഞു.
പിഎസ്‌സി പരീക്ഷാക്രമക്കേടിനെക്കുറിച്ചുള്ള അന്വേഷണം കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ് പിഎസ്‌സി. 2018 ജൂണ്‍ 22 ന് നടന്ന പരീക്ഷയുടെ റാങ്ക് പട്ടികയിലെ ആദ്യ നൂറ് റാങ്കുകാരുടെ മൊബൈല്‍ വിവരങ്ങള്‍ പരിശോധിക്കുമെന്ന് എം കെ സക്കീര്‍ അറിയിച്ചു. ഇതിനായി സൈബര്‍ സെല്ലിന്റെ സഹായം തേടും.