തിരുവനന്തപുരം: പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ടുമെന്റില്‍ സ്വീപ്പര്‍, പാക്കര്‍, ഒ.എ തസ്തികകളിലെ സ്ഥിരജീവനക്കാരെ അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ തസ്തികയില്‍ തിരുകി കയറ്റാന്‍ നീക്കം നടക്കുന്നു. സ്‌പെഷല്‍ റൂള്‍ ഭേദഗതി വരുത്തി നിലവിലെ ജോലിയുടെ സീനിയോറിറ്റി വച്ചാണ് ഇവരെ അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫിസറായി നിയമിക്കാന്‍ പി.ആര്‍.ഡിയിലെ ചില ഉദ്യോഗസ്ഥര്‍ ശ്രമം നടത്തുന്നത്.
ഇതോടെ പി.എസ്.സി പരീക്ഷ എഴുതി നിയമനത്തിനായി കാത്തിരിക്കുന്നവരില്‍ പലരുടെയും അവസരം നഷ്ടമാകും. ഉദ്യോഗസ്ഥരുടെ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ പ്രതിപാദിച്ചിട്ടുള്ള സ്‌പെഷല്‍ റൂള്‍സില്‍ ഭേദഗതികള്‍ വരുത്തി ബൈ ട്രാന്‍സ്ഫര്‍ നിയമനത്തില്‍ 10% സംവരണം നേടാനാണ് ശ്രമം. ഇതു സംബന്ധിച്ച ഫയല്‍ നീക്കം ആരംഭിച്ചതോടെ പിആര്‍ഡിയിലെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ ശക്തമായ എതിര്‍പ്പുമായി രംഗത്ത് വന്നിട്ടുണ്ട്.
അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ തസ്തികയിലേക്കു ആവശ്യമായ പ്രധാന യോഗ്യതയായ രണ്ടു വര്‍ഷത്തെ മാധ്യമ പ്രവൃത്തി പരിചയം നേടാതെയാണ് പാക്കര്‍, സ്വീപ്പര്‍, ഒ.എ തസ്തികകളിലുള്ളവരെ അസി. ഇന്‍ഫര്‍മേഷന്‍ ഓഫീസറാക്കാന്‍ ശ്രമം നടക്കുന്നത്. വിദൂര വിദ്യാഭ്യാസം വഴി ജേണലിസം യോഗ്യത നേടിയും സ്ഥാനക്കയറ്റത്തിനു ശ്രമം നടക്കുന്നതായാണ് വിവരം. നിലവിലുള്ള 23 അസി. ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ തസ്തികയിലെ ഒഴിവുകള്‍ പിഎസ്സി വഴി നികത്തുന്നതിനു മുന്നേ കടന്നുകൂടുകയാണ് ലക്ഷ്യം.
ഇതിലൂടെ സീനിയോറിറ്റി ലഭിക്കുകയും ഇന്നത്തെ അവസ്ഥയില്‍ 4 വര്‍ഷത്തിനകം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വരെയായി മാറാനും സാധിക്കും. പിഎസ്സി പരീക്ഷയെഴുതി ജയിച്ചവര്‍ ഇതോടെ പുറത്താകും. സ്‌പെഷല്‍ റൂള്‍ പ്രകാരം എഐഒ തസ്തികയ്ക്കു ബിരുദവും അംഗീകൃത മാധ്യമത്തില്‍ 2 വര്‍ഷത്തെ പത്രപ്രവര്‍ത്തന പരിചയവുമാണ് യോഗ്യത. ഈ തസ്തികയിലേക്ക് ഓഫീസ് അറ്റന്‍ഡറായുള്ള പ്രവൃത്തി പരിചയം പരിഗണിക്കുന്നത് വകുപ്പിനു തന്നെ നാണക്കേടാകുമെന്ന് ഒരു വിഭാഗം ജീവനക്കാര്‍ പറയുന്നു. ഇവരെ തിരുകി കയറ്റാന്‍ വേണ്ടിയാണ് അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ പിഎസ്സി ഷോര്‍ട് ലിസ്റ്റ് വൈകിപ്പിക്കുന്നതെന്നു ഉദ്യോഗാര്‍ഥികളും ആരോപിക്കുന്നു.