ന്യൂഡൽഹി:തൊഴിലാളി പ്രൊവിഡന്റ് ഫണ്ട് അക്കൌണ്ട് സെപ്റ്റംബർ ഒന്നിനകം നിർബന്ധമായും ആധാർ നമ്പറുമായി ബന്ധിപ്പിക്കണമെന്ന് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ. സെപ്തംബർ ഒന്നിനകം അക്കൌണ്ടുകൾ ആധാർ ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ തൊഴിൽ ദാതാക്കളിൽ നിന്നുള്ള പിഎഫ് വിഹിതവും മറ്റ് ആനുകൂല്യങ്ങളും നഷ്ടമാകുമെന്നും ഇപിഎഫ്ഒ അറിയിച്ചു.
2021 ജൂൺ ഒന്നിനകം ബന്ധിപ്പിക്കണമെന്നായിരുന്നു നേരത്തെയുള്ള ഉത്തരവ്. എന്നാൽ പിന്നീട് അത് സെപ്തംബർ ഒന്നുവരെ നീട്ടുകയായിരുന്നു. തൊഴിൽ മന്ത്രാലയം 142-ാം വകുപ്പ് ഭേദഗതി ചെയ്തായിരുന്നു പുതിയ നിയമം നടപ്പിലാക്കിയത്. അതേസമയം ഇസിആർ( ഇലക്ട്രോണിക് ചലാൻ കം റിട്ടേൺ) അഥവാ പിഎഫ് റിട്ടേൺ ഫയൽ ചെയ്യുന്നത് ആധാർ ബന്ധിപ്പിച്ചിട്ടുളള യുഎഎന്നുമായി ബന്ധിപ്പിക്കാനുള്ള തിയതിയും സെപ്റ്റംബർ ഒന്നുവരെ നീട്ടിയിട്ടുണ്ട്.
അവസാന തിയതി കഴിയുന്നതോടെ പിഎഫ് യുഎഎൻ ബന്ധിപ്പിച്ചവർക്ക് മാത്രമേ ഇസിആർ ഫയൽ ചെയ്യാൻ സാധിക്കുകയുള്ളൂ എന്നും ഇപിഎഫ്ഒ അറിയിച്ചു. ഇതിനായി ഇപിഎഫ്ഒ പോർട്ടലിൽ സംവിധാനം ഒരുക്കിയിട്ടുണ്ട്. കെ വൈ സി ഓപ്ഷൻ വഴി ആധാറുമായി ബന്ധിപ്പിക്കാനും, യുഐഡിഎ വിവരങ്ങൾ ഉപയോഗിച്ച് അപ്ഡേറ്റ് ചെയ്ത് ആധാർ നമ്പർ ഉറപ്പുവരുത്താനും പോർട്ടലിൽ സംവിധാനമുണ്ട്.