കാഠ്മണ്ഡു: സാമൂഹികമാധ്യമങ്ങള്‍ നിരോധിക്കാനുള്ള ഭരണകൂടത്തിന്റെ നടപടിയെ തുടര്‍ന്ന് നേപ്പാളില്‍ യുവാക്കള്‍ തെരുവിലിറങ്ങി നടത്തുന്ന പ്രതിഷേധങ്ങളില്‍പെട്ട് മരിച്ചവരുടെ എണ്ണം പതിന്നാലായി. നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. തലസ്ഥാനമായ കാഠ്മണ്ഡുവില്‍ ആരംഭിച്ച പ്രതിഷേധസമരങ്ങള്‍ രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലേക്കും വ്യാപിച്ചുകഴിഞ്ഞു. റബര്‍ ബുള്ളറ്റുകളും ടിയര്‍ഗ്യാസ് ഷെല്ലുകളുമായി പ്രതിഷേധം അടിച്ചമര്‍ത്താനുള്ള പോലീസ് നടപടിയ്ക്കുപിന്നാലെ കാഠ്മണ്ഡുവില്‍ സൈന്യത്തെ വിന്യസിച്ചു. നിരോധനാജ്ഞാവ്യവസ്ഥകള്‍ ലംഘിക്കുകയും പാര്‍ലമെന്റിന് സമീപത്തെ നിയന്ത്രിതമേഖലകളില്‍ പ്രതിഷേധക്കാര്‍ പ്രവേശിക്കുകയും ചെയ്തതിനെ തുടര്‍ന്നാണിത്.
പ്രതിഷേധം രൂക്ഷമായതോടെ കാഠ്മണ്ഡു ജില്ല ഭരണകൂടം നിരോധനാജ്ഞ വ്യാപിപ്പിച്ചു. ബാനേശ്വറില്‍ മാത്രമായിരുന്ന നേരത്തെ നിരോധനാജ്ഞ നിലവിലുണ്ടായിരുന്നത്. ഉന്നത സുരക്ഷാമേഖലകളായ പ്രസിഡന്റിന്റെ വസതി (ശീതള്‍ നിവാസ്), വൈസ് പ്രസിഡന്റിന്റെ വസതി, മഹാരാജ്ഗഞ്ജ്, സിംഹ ദര്‍ബാര്‍, പ്രധാനമന്ത്രിയുടെ വസതി, സമീപപ്രദേശങ്ങള്‍ എന്നിവടങ്ങളിലേക്ക് നിരോധനാജ്ഞ വ്യാപിപ്പിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് പ്രദേശികസമയം 12.30 മുതല്‍ രാത്രി പത്ത് മണി വരെയാണ് നിരോധനാജ്ഞ. പൊതുജന സഞ്ചാരം, സംഘം ചേരല്‍, കൂട്ടംകൂടിയുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് ഈ മേഖലകളില്‍ നിരോധനമുണ്ട്.
വ്യാഴാഴ്ചയാണ് നേപ്പാള്‍ സാമൂഹികമാധ്യമങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. കമ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിന്‍ കീഴില്‍ രജിസ്റ്റര്‍ ചെയ്യാത്ത ഫെയ്‌സ്ബുക്ക്, യൂട്യൂബ്, എക്സ് തുടങ്ങിയവ ഉള്‍പ്പെടെ 26 സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമുകള്‍ക്കാണ് നേപ്പാളില്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. സാമൂഹികമാധ്യമ പ്ലാറ്റ്ഫോമുകളെ സര്‍ക്കാര്‍ നിരോധിച്ചതിന് പിന്നാലെ ഫെയ്സ്ബുക്ക്, യൂട്യൂബ്, എക്സ് തുടങ്ങിയവ വെള്ളിയാഴ്ച മുതല്‍ നേപ്പാളില്‍ ലഭ്യമല്ലാതായിട്ടുണ്ട്. ഇതിന് പിന്നാലെയാണ് യുവാക്കള്‍ പ്രതിഷേധമാര്‍ച്ച് സംഘടിപ്പിച്ചത്. പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലിയുടെ ഭരണകൂടം അഭിപ്രായസ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുകയാണെന്നും പൊതുജനങ്ങളുടെ ആശങ്കകളെ അവഗണിക്കുകയാണെന്നും പാര്‍ലമെന്റ് വളഞ്ഞ യുവാക്കള്‍ ആരോപിച്ചു.
പരിക്കേറ്റവരില്‍ മാധ്യമപ്രവര്‍ത്തകരുമുണ്ടെന്നാണ് വിവരം. പ്രതിഷേധക്കാര്‍ പാര്‍ലമെന്റിന്റെ പ്രധാന കവാടം തകര്‍ക്കുകയും വളപ്പിലേക്ക് അതിക്രമിച്ച് കയറുകയും പ്രവേശന കവാടത്തിന് തീയിടുകയും ചെയ്തതിനെ തുടര്‍ന്നാണ് ആകാശത്തേക്ക് വെടിവെച്ചതെന്ന് പോലീസ് പറഞ്ഞു.
നേപ്പാളിലെ പുതിയ സോഷ്യല്‍ മീഡിയ നിയമങ്ങള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്യുന്നതില്‍ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സാപ്പ്, എക്സ്, ലിങ്ക്ഡ്ഇന്‍ തുടങ്ങി 26 പ്രമുഖ സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമുകളെ തടയാന്‍ സര്‍ക്കാര്‍ നീങ്ങിയതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. രജിസ്റ്റര്‍ ചെയ്യാന്‍ ഏഴുദിവസത്തെ സമയം അനുവദിച്ചെങ്കിലും കമ്പനികള്‍ അത് പ്രയോജനപ്പെടുത്തിയില്ലെന്ന് കമ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം പറഞ്ഞു. ഇതിന് പിന്നാലെയാണ് നിരോധനം നിലവില്‍ വന്നത്.


