തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധി കാലത്ത് സംസ്ഥാനത്ത് സർവ്വീസ് നടത്തുന്ന സ്പെഷ്യൽ ട്രെയിനുകൾ നിർത്തലാക്കാനുള്ള തീരുമാനത്തിനെതിരെ യാത്രക്കാരുടെ പ്രതിഷേധം.
യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്സ് ഓൺ റെയിൽസ് തിരുവനന്തപുരം റെയിൽവേ ഡിവിഷണൽ മാനേജരുടെ ഓഫീസിനു മുന്നിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് പ്രതിഷേധം സംഘടിപ്പിച്ചു.
പ്രക്ഷോഭത്തിന്റെ ഭാഗമായി ഫ്രണ്ട്സ് ഓൺ റെയിൽസ് പുറത്തിറക്കിയ പ്രസ്താവന ഇങ്ങനെ
കോവിഡിൻ്റെ സാമൂഹിക വ്യാപനം തടയുന്നതിൻ്റെ ഭാഗമായി രാജ്യത്ത് ലോക്ഡൗൺ നിലവിൽ വന്നപ്പോൾ കേന്ദ്ര സർക്കാർ റെയിൽ ഗതാഗതം പൂർണ്ണമായും നിർത്തി വെച്ചിരുന്നു . എന്നാൽ ഇളവുകളോടെ ജനജീവിതവും കോവിഡിനൊപ്പം ആരംഭിച്ചപ്പോൾ പ്രതിദിന ട്രെയിനുകൾക്ക് പകരമായി 260 സ്പെഷ്യൽ ട്രെയിൻ സർവ്വീസുകൾ ആരംഭിക്കുകയുണ്ടായി . ഇങ്ങനെ കേരളത്തിൽ ഓടിക്കൊണ്ടിരിക്കുന്ന തിരുവനന്തപുരത്ത് നിന്നും കണ്ണൂർ വരെയും കോഴിക്കോട് വരെയും ഉള്ള രണ്ട് ജനശതാബ്ദി ട്രെയിനുകളും എറണാകുളം വരെയുള്ള ട്രിവാൻട്രം എക്സ്പ്രസ്സും നഷ്ടത്തിലായതിനാൽ ഇനി ഓടിക്കേണ്ടതില്ലെന്ന് റെയിൽവേ ബോർഡ് നിർദ്ദേശം നൽകിയിരിക്കുന്നു. നഷ്ടത്തിൻ്റെ പേരിൽ രാജ്യത്ത് ആകെ റദ്ദാക്കിയ 7 ട്രയിനുകളിൽ 3 എണ്ണവും കേരളത്തിലൂടെ ഓടുന്നതാണ് എന്നത് ശ്രദ്ധിക്കുക. ഇതോടെ കേരളത്തിൽ മംഗള എക്സ്പ്രസ് എന്ന ഒരൊറ്റ ട്രെയിൻ മാത്രമാണ് ഓടുന്നത്. കൂടാതെ ഉടനെ സർവ്വീസ് പുന:രാരംഭിക്കാൻ ഉദ്ദേശിക്കുന്ന, കേരളത്തിലൂടെ ഓടുന്ന എക്സ്പ്രസ്സ് ട്രെയിനുകളായ അമൃത , വേണാട്, മലബാർ, മാവേലി, ഏറനാട്, ജയന്തി ,ശബരി, പരശുറാം , ഐലൻറ്, വഞ്ചിനാട് , ഇൻ്റർസിറ്റി എന്നിവയുടെ നിലവിലുള്ള നഷ്ടത്തിലുള്ള മുഴുവൻ സ്റ്റോപ്പുകളും എടുത്ത് കളയാനുള്ള നീക്കവും പിന്നാമ്പുറങ്ങളിൽ സജീവമാണ് . കേരളത്തിലെ പല സ്റ്റേഷനുകളെയും പൊതു ജനങ്ങളെയും റെയിൽവേയുടെ ഈ നീക്കം സാരമായി ബാധിക്കും . ഇതിനെതിരെയുള്ള നീക്കങ്ങളിൽ മുഴുവൻ ജനങ്ങളുടെയും ജന പ്രതിനിധികളുടെയും, പാസഞ്ചേഴ്സ് അസോസിയേഷനുകളുടെയും പിന്തുണയും പങ്കാളിത്തവും ഉണ്ടാകേണ്ടതാണ് . ചില വസ്തുതകൾ കൂടി ഇവിടെ പങ്കു വെക്കുന്നു.
1) നിർത്തലാക്കിയ മൂന്ന് ട്രെയിനുകളിലും 25% ത്തിൽ താഴെ മാത്രം യാത്രക്കാരേ ഉള്ളൂ എന്നാണ് റെയിൽവേ ഭാഷ്യം. അതിനാൽ നഷ്ടം സഹിച്ച് അവ ഓടിക്കണ്ട എന്നാണ് റെയിൽവേയുടെ നിലപാട് .എന്നാൽ ഇവയുടെ സ്റ്റോപ്പുകൾ ജില്ലയിൽ ഒന്ന് വീതം എന്ന നിലയിലാണ് റെയിൽവേ ക്രമീകരിച്ചിരിക്കുന്നത് . ഇതിനും പുറമേ യാത്ര ചെയ്യുന്ന ഭൂരിപക്ഷം വരുന്ന സർക്കാർ ജീവനക്കാരുൾപ്പെടെ തൊഴിലെടുക്കുന്നവർക്ക് ഒട്ടും സൗകര്യപ്രദമായിട്ടല്ല ഇവയുടെ സമയവും . ഇത്തരക്കാർക്ക് സൗകര്യ പ്രദമായി സ്റ്റേഷനുകളിൽ നിന്നും ബസ്സ് സൗകര്യവും കൂടി ലഭ്യമാക്കിക്കൊണ്ട് രാവിലെയും വൈകുന്നേരവും ഓഫീസ് സമയം കൂടി പരിഗണിച്ച് സമയം നിശ്ചയിച്ച് ഈ ട്രെയിനുകൾ ഓടിച്ചാൽ സ്ത്രീകൾ അടക്കം കൂടുതൽ യാത്രക്കാർ ഈ സൗകര്യം ഉപയോഗിക്കുകയും ചെയ്യും. ഇതിനെല്ലാം ഉപരി ലാഭ നഷ്ടത്തിൻ്റെ മാത്രം അടിസ്ഥാനത്തിൽ പ്രവർത്തിപ്പിക്കേണ്ട ഒന്നല്ല പൊതു ഗതാഗത സംവിധാനം .
2. സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾ, സ്വകാര്യ സ്ഥാപനങ്ങൾ എല്ലാം കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൊണ്ട് പ്രവർത്തിക്കുകയാണ് . ഇവിടെയെല്ലാം ജോലി ചെയ്യുന്ന ജീവനക്കാരും മറ്റും സ്വകാര്യ വാഹനങ്ങളിലും സ്വന്തം വാഹനങ്ങളിലുമാണ് ഇപ്പോൾ യാത്ര ചെയ്യുന്നത് . ദിവസവും കുറഞ്ഞത് 300/- രൂപയെങ്കിലും ചിലവാക്കി പ്രതിമാസം 5000/- രൂപയോളം ഈ ഇനത്തിൽ പലർക്കും ചിലവാകുന്നുണ്ട് .സ്പെഷൽ ട്രെയിനുകൾ നിർത്തലാക്കുന്നതിന് പകരം സമയക്രമീകരണം നടത്തിയാൽ ധാരാളം ആളുകൾക്ക് വലിയ ഉപകാരമായിരിക്കും .
3. റെയിൽവേയിൽ നടത്തിവരുന്ന സ്വകാര്യ വൽക്കരണ നയം തീവ്രമാക്കുന്ന ഇത്തരം നടപടികൾ സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുന്നതാണ്.