KeralaNews

‘സുധാകരനെ വിളിക്കൂ കോണ്‍ഗ്രസിനെ രക്ഷിക്കൂ’; കെ.പി.സി.സി ആസ്ഥാനത്ത് ബാനറുകളുമായി പ്രവര്‍ത്തകരുടെ പ്രതിഷേധം

തിരുവനന്തപുരം: കെ.പി.സി.സി ആസ്ഥാനത്തിന് മുന്നില്‍ കെ. സുധാകരനെ അനുകൂലിച്ചുള്ള ബാനറുമായി പ്രവര്‍ത്തകരുടെ പ്രതിഷേധം. സുധാകരനെ വിളിക്കൂ കോണ്‍ഗ്രസിനെ രക്ഷിക്കൂ എന്ന ബാറനുമേന്തിയാണ് പ്രതിഷേധം. ഈരാറ്റുപേട്ടയില്‍ നിന്നുള്ള മൂന്ന് പ്രവര്‍ത്തകരാണ് ബാനറുമായി എത്തിയത്.

ഇതേത്തുടര്‍ന്നു പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. മറ്റ് പ്രവര്‍ത്തകര്‍ ബാനര്‍ പിടിച്ച് വാങ്ങി. ഇന്ദിരാഭവനില്‍ ഇന്ന് ഉച്ചയ്ക്ക് യുഡിഎഫ് യോഗം ചേരാനിരിക്കെയാണ് സുധാകരനെ അനുകൂലിച്ച് പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ചേരുന്ന രണ്ടാമത്തെ യുഡിഎഫ് യോഗമാണിത്. യോഗത്തില്‍ നിന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍ വിട്ടുനില്‍ക്കും. രാജി നല്‍കിയത് കൊണ്ടാണ് യോഗത്തില്‍ പങ്കെടുക്കാത്തത് എന്നാണ് മുല്ലപ്പള്ളിയുടെ വിശദീകരണം.

യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് ആരെ പരിഗണിക്കും എന്നതടക്കം നിര്‍ണായക തീരുമാനങ്ങളും യോഗത്തില്‍ എടുത്തേക്കും. യുഡിഎഫ് ചെയര്‍മാനായി രമേശ് ചെന്നിത്തല തുടരുമോ വി.ഡി. സതീശനെ നിയോഗിക്കുമോയെന്നും ഇന്നറിയാം. കാലങ്ങളായി പ്രതിപക്ഷ നേതാവാണ് യുഡിഎഫ് ചെയര്‍മാനാകുന്നത്. എന്നാല്‍ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിഞ്ഞ ചെന്നിത്തലയെ ചെയര്‍മാനായി നിലനിര്‍ത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

മുന്നണിയെ നയിക്കുന്ന പ്രധാന ഘടകകക്ഷിയെന്ന നിലയില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പിടിപ്പുകേടിലും ഏകോപനമില്ലായ്മയും ഘടകക്ഷികളുടെ അസംതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് എം.എം. ഹസന്‍ കണ്‍വീനര്‍ സ്ഥാനം ഒഴിയാന്‍ തയാറാകുമോയെന്നതും നിര്‍ണായകമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button