KeralaNews

പുതിയ പരിഷ്‌കാരങ്ങള്‍ ദ്വീപിന്റെ വികസനത്തിനും വളര്‍ച്ചയ്ക്കും; വിവാദ നടപടികളെ ന്യായീകരിച്ച് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ പരസ്യം

കൊച്ചി: ലക്ഷദ്വീപിലെ വിവാദ നടപടികളെ ന്യായീകരിച്ച് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ പരസ്യം. പുതിയ പരിഷ്‌കാരങ്ങള്‍ ദ്വീപിന്റെ വികസനത്തിനും വളര്‍ച്ചയ്ക്കുമാണെന്നു പരസ്യത്തില്‍ പറയുന്നു. ലക്ഷദ്വീപ് കളക്ടര്‍ അസ്ഗര്‍ അലി വ്യാഴാഴ്ച നടത്തിയ പത്രസമ്മേളനത്തില്‍ വിശദീകരിച്ച കാര്യങ്ങളാണ് പരസ്യത്തിലും ഉള്ളത്. ഇംഗ്ലീഷ് ദിനപത്രങ്ങളിലാണു പരസ്യം നല്‍കിയത്.

മാലിദ്വീപിന് സമാനമായ ടൂറിസം കേന്ദ്രമാക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതികളുടെ ഭാഗമായാണ് ലക്ഷദ്വീപില്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നതെന്നാണു വ്യാഴാഴ്ച കളക്ടര്‍ വ്യക്തമാക്കിയിരുന്നത്. തലസ്ഥാനമായ കവരത്തിയെ സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതിനാല്‍ ഒട്ടേറെ വികസന പദ്ധതികള്‍ ഇവിടെ നടപ്പാകാനിരിക്കുകയാണ്.

പ്രദേശത്തെ നിലവിലെ സാമൂഹ്യ രാഷ്ട്രീയ സാഹചര്യങ്ങള്‍ ഇതിനെതിരായതിനാലാണ് ചില പരിഷ്‌കാരങ്ങള്‍ കൊണ്ടുവരാന്‍ നിര്‍ബന്ധിതമായത്. ഇവ ദ്വീപ് നിവാസികളുടെ ഉന്നമനം ലക്ഷ്യമിട്ടുള്ളതാണെന്നും പുറത്തുനിന്നുള്ള എതിര്‍പ്പുകളെ കാര്യമായി എടുക്കില്ലെന്നും കളക്ടര്‍ പറഞ്ഞിരുന്നു.

ലക്ഷദ്വീപ് വിഷയത്തില്‍ പ്രതിഷേധത്തിന് പിന്തുണ അറിയിച്ച് നിയമസഭയില്‍ തിങ്കളാഴ്ച പ്രമേയം കൊണ്ടുവരും. വെള്ളിയാഴ്ച ചേര്‍ന്ന നിയമസഭയുടെ കാര്യോപദേശ സമിതിയാണ് പ്രമേയാവതരണത്തിന് സമയം തീരുമാനിച്ചത്. ഈ വിഷയത്തില്‍ ഒന്നിലേറെ എംഎല്‍എമാര്‍ കത്ത് നല്‍കിയിരുന്നു.

അഡ്മിനിസ്‌ട്രേറ്ററുടെ നടപടിയില്‍ എതിര്‍പ്പ് രേഖപ്പെടുത്തുന്ന പ്രമേയം മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിക്കും. ലക്ഷദ്വീപ് നിവാസികളുടെ പ്രതിഷേധങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന നിലപാടാകും കേരളം സ്വീകരിക്കുക. ഭരണ പ്രതിപക്ഷ അംഗങ്ങള്‍ ഒരുമിച്ച് പിന്തുണച്ച് പ്രമേയം പാസാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.

തിങ്കളാഴ്ചയാണ് നന്ദിപ്രമേയ ചര്‍ച്ച തുടങ്ങുക. ലക്ഷദ്വീപ് വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് അന്ന് തന്നെ പ്രമേയ അവതരണത്തിനും തീരുമാനം എടുക്കുകയായിരുന്നു. മേയ് 14 വരെ തീരുമാനിച്ചിരുന്ന നിയമസഭാ നടപടികള്‍ 10 വരെയാക്കി ചുരുക്കാനും കാര്യോപദേശ സമിതി യോഗത്തില്‍ ധാരണയായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker