വാഷിങ്ടണ്‍ : ആഫ്രിക്കന്‍ വംശജന്‍ ജോര്‍ജ്ജ് ഫ്‌ലോയ്ഡിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ നടക്കുന്ന പ്രക്ഷോഭങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഭൂഗര്‍ഭ ബങ്കറിലേക്ക് മാറ്റി. പ്രതിഷേധക്കാര്‍ വൈറ്റ്ഹൗസിന് മുന്നില്‍ തടിച്ചുകൂടിയ സാഹചര്യത്തിലാണ് ട്രംപിനെ ഭൂഗര്‍ഭ ബങ്കറിലേക്ക് മാറ്റിയതെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്
ചെയ്തത്.
വെള്ളിയാഴ്ച രാത്രി വൈറ്റ്ഹൗസിലേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ച നൂറുകണക്കിന് പ്രതിഷേധക്കാരെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും പോലീസും തടയുകയായിരുന്നു. അപ്രതീക്ഷിതമായി വൈറ്റ്ഹൗസിന് മുമ്പിലുണ്ടായ പ്രതിഷേധത്തില്‍ ട്രംപിനും അദ്ദേഹത്തിന്റെ സംഘത്തിനും ഞടുക്കമുണ്ടാക്കിയതായി യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വൈറ്റ്ഹൗസില്‍ ട്രംപിനൊപ്പമുണ്ടായിരുന്ന ഭാര്യ മെലാനിയേയും മകന്‍ ബറോണിനേയും ബങ്കറിലേക്ക് മാറ്റിയോ എന്നതില്‍ വ്യക്തതയില്ല.
പ്രതിഷേധം വ്യാപകമാകുന്നതിനിടെ വാഷിങ്ടണിലടക്കം യുഎസിലെ നാല്പതോളം നഗരങ്ങളില്‍ ഞായറാഴ്ച കര്‍ഫ്യൂ ഏര്‍പ്പെടുത്തി.പ്രതിഷേധക്കാരെ നേരിടാന്‍ 15 സംസ്ഥാനങ്ങളിലും വാഷിങ്ടണിലും നാഷണല്‍ ഗാര്‍ഡ് അംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്.മെയ് 25ന് മിനിപോളിസില്‍ പൊലീസ് അതിക്രമത്തില്‍ അമേരിക്കന്‍-ആഫ്രിക്കന്‍ വംശജനായ ജോര്‍ജ്ജ് ഫ്‌ലോയിഡ് പൊലീസ് അതിക്രമത്തില്‍ കൊല്ലപ്പെട്ടതാണ് പ്രതിഷേധം പൊട്ടിപ്പുറപ്പെടാന്‍ കാരണമായത്.