ആശങ്ക വര്‍ധിക്കുന്നു; കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ ഏഴാം സ്ഥാനത്ത്
ന്യൂഡല്‍ഹി: ആഗോളതലത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ ഏഴാം സ്ഥാനത്തെത്തി. ജര്‍മനി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളെ പിന്തള്ളിയാണ് ഇന്ത്യ ഏഴാം സ്ഥാനത്തേക്ക് കയറിയത്. 24 മണിക്കൂറിനിടെ 8,750 പേര്‍ക്കാണ് രാജ്യത്ത് രോഗം കണ്ടെത്തിയത്. 223 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ വൈറസ് ബാധിച്ചവരുടെ എണ്ണം 1,90,609 ആയി ഉയര്‍ന്നു. മരണസംഖ്യ 5,408.
രോഗമുക്തി നേടിയവരുടെ എണ്ണം 91,852 ആയി. നിലവില്‍ 93,338 രോഗികളാണ് ഇന്ത്യയില്‍ ചികിത്സയിലുള്ളത്. നേരത്തെ, രോഗബാധിതരുടെ എണ്ണം പൂര്‍ണമായി നിയന്ത്രണവിധേയമായിരുന്ന സമയത്ത് നിരന്തരം 17ാം സ്ഥാനത്തായിരുന്നു ഇന്ത്യ. നിലവില്‍ ഇന്ത്യയ്ക്ക് മുന്നിലുള്ള മറ്റ് ആറ് രാഷ്ട്രങ്ങളിലും കോവിഡ് ബാധിതരുടെ എണ്ണം രണ്ടുലക്ഷത്തി മുപ്പതിനായിരത്തിനു മുകളിലാണ്.
മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 2,487 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. 89 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 67,655 ആയും മരണസംഖ്യ 2,286 ആയും ഉയര്‍ന്നു. 1,248 പേര്‍ കൂടി ആശുപത്രി വിട്ടതോടെ രോഗം ഭേദമായവരുടെ എണ്ണം 29,329 ആയി.
തമിഴ്‌നാട്ടില്‍ രോഗം ബാധിച്ചവരുടെ എണ്ണം 22,333 ആയി. മരണം 176. രോഗം ഭേദമായവര്‍ 12,757. പുതുതായി 1,149 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. 13 പേര്‍ മരിച്ചു. ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ 1,295 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. 57 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രോഗബാധിതരുടെ എണ്ണം 19,844 ആയും മരണസംഖ്യ 473 ആയും ഉയര്‍ന്നു. 8,478 പേര്‍ രോഗത്തെ അതിജീവിച്ചു.