അങ്കമാലി: അങ്കമാലിയിൽ സിൽവർലൈൻ സർവേ കല്ലുകൾ പിഴുത് പ്രതിഷേധം. പദ്ധതിക്കെതിരേ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് സർവേ കല്ലുകൾ പിഴുത നിലയിൽ കണ്ടത്. അതേ സമയം സർവേ കല്ലുകൾ പിഴുത നടപടിക്ക് പിന്തുണയുമായി റോജി എം ജോൺ എംഎൽഎ രംഗത്തെത്തി. ജനങ്ങളുടെ സ്വാഭാവിക പ്രതികരണമാണ് ഇക്കാര്യത്തിൽ ഉണ്ടായതെന്നും കേരളത്തിൽ സ്ഥാപിച്ച കല്ലുകൾക്ക് മുഴുവൻ പോലീസ് കാവൽ നിൽക്കുമോയെന്നും റോജി എം ജോൺ ചോദിച്ചു.
എറണാകുളം- തൃശ്ശൂർ അതിർത്തിയിൽ അങ്കമാലി, എളവൂർ, പാറക്കടവിലൂടെയാണ് നിർദ്ദിഷ്ട സിൽവർ ലൈൻ പദ്ധതി കടന്നുപോകുന്നത്. അതിൽ ത്രിവേണി കവലയിലെ പാടശേഖരത്തിലാണ് ഇന്നലെ കെ-റെയിൽ ഉദ്യോഗസ്ഥരെത്തി സർവേ കല്ലുകൾ സ്ഥാപിച്ചത്. ഇതിനെതിരേ വലിയ പ്രതിഷേധം കെ-റെയിൽ വിരുദ്ധ സമര സമിതി നേതൃത്വത്തിൽ ഉയർന്നിരുന്നു. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കിയാണ് നടപടികൾ മുന്നോട്ട് കൊണ്ടുപോയത്.
ഇന്ന് പുലർച്ചെയാണ് സർവേ കല്ലുകൾ പിഴുതു മാറ്റുകയും അതിന് മുകളിൽ റീത്ത് വെയ്ക്കുകയും ചെയ്ത നിലയിൽ കണ്ടെത്തിയത്. പാത കടന്നുപോകുന്നതിന്റെ സമീപത്തുള്ള വിവിധ കവലകളിലാണ് സർവേ കല്ലുകൾ കൊണ്ടുവെച്ച് അതിന് മുകളിൽ റീത്ത് വെച്ചിട്ടുള്ളത്. ഇതിന് റോജി എം ജോൺ പിന്തുണ നൽകുകയായിരുന്നു.
അങ്കമാലി, പാറക്കടവ് പഞ്ചായത്തിൽ പ്രതിക്ഷേധിച്ച ജനങ്ങളെ പോലീസിനെ ഉപയോഗിച്ച് അറസ്റ്റ് ചെയ്തും ഭീക്ഷണിപ്പെടുത്തിയും സ്ഥാപിച്ച കെ റെയിൽ കല്ലുകൾക്ക് 24 മണിക്കൂറിന്റെ ആയുസ് ഉണ്ടായില്ലെന്ന് റോജി എം ജോൺ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ജനങ്ങളെ വെല്ലുവിളിച്ച് മുന്നോട്ട് പോകുന്ന പിണറായി സർക്കാരിന്റെ ധാർഷ്ട്യത്തിന് തക്ക മറുപടി നൽകിയ ധീരൻമാർക്ക് അഭിവാദ്യങ്ങളെന്നും ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
പ്രദേശത്തെ ജനങ്ങളെ യാതൊരു തരത്തിലും വിശ്വാസത്തിലെടുക്കാതെ, അവരോട് ചർച്ചക്ക് തയ്യാറാകാതെ പോലീസിനെ ഉപയോഗിച്ച് ഏകപക്ഷീയമായി കല്ലുകൾ സ്ഥാപിക്കുന്ന നടപടിയാണുണ്ടായതെന്ന് റോജി എം ജോൺ പറഞ്ഞു. ജനങ്ങളെ പരിഭ്രാന്തിയിലാക്കിയാണ് കല്ലുകൾ സ്ഥാപിച്ചത്. ആരുടേയും അനുവാദം ചോദിക്കാതെയാണ് വസ്തുവിൽ കല്ലുകൾ സ്ഥാപിച്ചത്. കോടതിയെ സമീപിച്ച ആളുകളുടെ വാദം പോലും കേൾക്കാതെ ഏകപക്ഷീയമായി ജനങ്ങളെ വെല്ലുവിളിച്ചുകൊണ്ടാണ് ഇത് ചെയ്തത്. സ്വാഭാവികമായും ജനങ്ങളുടെ പ്രതികരണം അതിൽ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിൽവർ ലൈൻ പദ്ധതിയുടെ ഡി.പി.ആർ. തയ്യാറാക്കിയശേഷം എന്തിനാണ് സർവേ ആക്ട് പ്രകാരം ഇപ്പോൾ സർവേ നടത്തുന്നതെന്ന് വാദത്തിനിടെ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആരാഞ്ഞു.
സാമൂഹികാഘാത പഠനത്തിനാണെന്നായിരുന്നു സർക്കാരിനായി ഹാജരായ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ടി.ബി. ഹൂദ് വിശദീകരിച്ചത്. റെയിൽവേ ബോർഡ് തത്ത്വത്തിൽ അംഗീകാരം നൽകുകയും ഡി.പി.ആർ. തയ്യാറാക്കുകയും ചെയ്തശേഷം ഇത്തരമൊരു സർവേ എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്ന് കോടതി പ്രതികരിച്ചു.ഇത്തരമൊരു നടപടിക്ക് സർക്കാരിന് അധികാരമില്ലെന്നാണ് സർവേക്കെതിരായ ഹർജിക്കാർ ആരോപിക്കുന്നത്. സർക്കാർ ഇപ്പോൾ നൽകിയിരിക്കുന്ന വിശദീകരണത്തിൽ എല്ലാ കാര്യങ്ങളും വ്യക്തമാക്കിയിട്ടില്ല. ഇതിന് സർക്കാർ സമയം തേടി.
വിശദീകരണത്തിലെ പ്രസക്ത ഭാഗങ്ങൾ
- റെയിൽവേ വികസനത്തിനായി സംസ്ഥാനം റെയിൽവേയുമായി സഹകരിച്ച് പ്രവർത്തിക്കണമെന്ന നിർദേശം കേന്ദ്രമാണ് മുന്നോട്ടുവെച്ചത്. 2016-ൽ കെ-റെയിൽ എന്ന സംയുക്ത സംരംഭത്തിന് രൂപം നൽകി. സംസ്ഥാന സർക്കാരിന് 51 ശതമാനം, റെയിൽവേക്ക് 49 ശതമാനം പങ്കാളിത്തം.
- അർധാതിവേഗ റെയിൽ പദ്ധതിക്ക് ‘സിസ്ട്ര’ തയ്യാറാക്കിയ സാധ്യതാപഠന റിപ്പോർട്ട് 2019-ൽ സർക്കാർ അംഗീകരിച്ചു.
- 2019 ഡിസംബർ 17-ന് റെയിൽവേ മന്ത്രാലയം പദ്ധതിക്ക് തത്ത്വത്തിൽ അംഗീകാരം നൽകി.
- ഡി.പി.ആറിന് 2020 ജൂൺ 11-ന് സംസ്ഥാന സർക്കാർ അംഗീകാരം നൽകി.
- ധനസമാഹരണത്തിന് ജപ്പാൻ ഇന്റർനാഷണൽ കോ-ഓപ്പറേഷൻ ഏജൻസിയുമായി കരാറിൽ ഏർപ്പെടാൻ 2021 ജനുവരി 15-ന് കേന്ദ്രം അനുമതി നൽകി.
- റെയിൽവേ ബോർഡിന്റെ അന്തിമാനുമതി ലഭിച്ച ശേഷമേ ഭൂമി ഏറ്റെടുക്കാൻ വിജ്ഞാപനം പുറപ്പെടുവിക്കൂ.
- സാമൂഹികാഘാത പഠനത്തിനായി ഭൂമിയുടെ സർവേ നടത്തേണ്ടതുണ്ട്. അതാണ് സർവേ നിയമപ്രകാരം നടത്തുന്നത്.
- സർവേയുടെ പേരിൽ സ്ഥലം ഏറ്റെടുക്കുകയാണെന്ന ആരോപണം തെറ്റാണ്.
- കെ-റെയിൽ എന്ന് രേഖപ്പെടുത്തിയ കല്ലിടുന്നത് നിയമവിരുദ്ധമാണെന്നതും തെറ്റാണ്. ആർക്കും തടസ്സമാകാതെയാണ് കല്ലിടുന്നത്.
കെ-റെയിൽ എന്ന് രേഖപ്പെടുത്തിയ കല്ലുകൾ ഇടുന്നത് കോടതി വിലക്കിയതോടെ ജനങ്ങൾ ഇരുന്നൂറോളം കല്ലുകൾ നീക്കി റീത്ത് വെച്ചതായി കെ-റെയിൽ അഭിഭാഷകൻ അറിയിച്ചു. അതിലൊക്കെ നിയമപരമായി നടപടി സ്വീകരിക്കാമെന്നും ജനങ്ങളെ ശത്രുവായി കാണേണ്ടതില്ലെന്നുമായിരുന്നു കോടതിയുടെ മറുപടി.
ഡി.പി.ആർ. തയ്യാറാക്കുന്നത് അടക്കമുള്ള നടപടികൾക്ക് കേന്ദ്രസർക്കാർ നേരത്തേതന്നെ അനുമതി നൽകിയതാണെന്ന് സംസ്ഥാന സർക്കാരിനുവേണ്ടി അഡീഷണൽ ചീഫ് സെക്രട്ടറി ജയതിലക് നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. നിയമവിരുദ്ധമായി ഭൂമിയിൽ കല്ലിടുന്നത് തടയണം എന്നാവശ്യപ്പെട്ട് കോട്ടയം സ്വദേശി മുരളികൃഷ്ണൻ അടക്കമുള്ളവർ ഫയൽ ചെയ്ത ഹർജിയിലാണ് വിശദീകരണം.