തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ട്രെയിനിന് നേരെ മധ്യപ്രദേശിൽ വെച്ച് അക്രമണമുണ്ടായി. ചൊവ്വാഴ്ച ഉച്ചയ്ക്ക് തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട 12643 നിസാമുദീന്‍ എക്സ്പ്രസിന് നേരെയാണ് ഗ്വാളിയോര്‍ സ്റ്റേഷനില്‍ വെച്ച് അക്രമമുണ്ടായത്. കൂട്ടത്തോടെയെത്തിയ പ്രതിഷേധക്കാര്‍ ഗ്ലാസുകള്‍ അടിച്ചു തകര്‍ത്തു. സെക്കന്‍റ് എസി, തേര്‍ഡ് എസി കമ്പാര്‍ട്ടുമെന്‍റുകളിലെ മിക്ക ഗ്ലാസുകളും തകര്‍ന്നു. സ്റ്റേഷനില്‍ വെച്ച് പൂര്‍ണമായും തകര്‍ന്ന ഗ്ലാസില്‍ താല്‍ക്കാലികമായി കാര്‍ഡ്ബോര്‍ഡ് വെച്ച് ട്രെയിൻ യാത്ര തുടരുകയാണ്.
ട്രെയിനില്‍ നിരവധി മലയാളികളാണ് യാത്രചെയ്യുന്നത്. സ്ലീപ്പറിലും ജനറല്‍ കംപാര്‍ട്ടുമെന്‍റിലും യാത്ര ചെയ്യുന്ന നിരവധി പേര്‍ക്ക് പരിക്കേറ്റതായി യാത്രക്കാര്‍ . ഇരുമ്പ് വടികളും മറ്റുമായി കൂട്ടത്തോടെ ഓടി വന്ന് ട്രെയിനിന് നേരെ ആക്രമണം നടത്തുകയായിരുന്നുവെന്നാണ് യാത്രക്കാര്‍ വിശദീകരിക്കുന്നത്. പ്ലാറ്റ് ഫോമിലും പ്രതിഷേധക്കാര്‍ ആക്രമണം നടത്തി.
പദ്ധതിക്കെതിരെ വലിയ പ്രതിഷേധമാണ് രാജ്യവ്യാപകമായി ഉയരുന്നത്. ബീഹാറിൽ ഇന്നലെ തുടങ്ങിയ പ്രതിഷേധം ഇന്നും തുടർന്നു. രാജസ്ഥാൻ, ജമ്മു, ഹരിയാന തുടങ്ങിയ ഇടങ്ങളിലക്കും പ്രതിഷേധം വ്യാപിച്ചു. ബിഹാറിലെ ബാബ്വെയിൽ പ്രതിഷേധക്കാർ ട്രെയിനിന് തീ വച്ചു. ചാപ്റയിൽ ബസിന് തീവച്ചു. ഹരിയാനയിൽ പ്രതിഷേധക്കാരും പൊലീസും പലയിടങ്ങളിൽ ഏറ്റുമുട്ടി. രാജസ്ഥാനിലെ റെയിൽ പാതയും, ദേശീയ പാതയും തടഞ്ഞു. പെൻഷൻ ഉൾപ്പടെയുള്ള ആനൂകൂല്യങ്ങൾ നഷ്ടപ്പെടുത്തുന്ന പദ്ധതിയെന്ന് ചൂണ്ടിക്കാട്ടിയാണ് യുവാക്കളുടെ പ്രതിഷേധം.
അഗ്നിപഥ് പദ്ധതിക്കെതിരെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും ഇതിനോടകം എതിപ്പുയത്തിക്കഴിഞ്ഞു. അഗ്നിപഥ് പദ്ധതി പിൻവലിക്കണമെന്നും സിപിഎം പിബി ആവശ്യപ്പെട്ടു. ദേശീയ താൽപര്യങ്ങളെ ഹനിക്കുന്നതാണ് പദ്ധതിയെന്നാണ് സിപിഎം പോളിറ്റ്ബ്യൂറോ ആരോപിക്കുന്നത്. നാല് വർഷത്തെ കരാർ നിയമനം നൽകി പ്രൊഫഷണൽ സൈനികരെ ഉണ്ടാക്കാനാവില്ലെന്നും പെൻഷൻ പണം ലാഭിക്കാനുള്ള നടപടി സൈന്യത്തിൻറെ കാര്യ ശേഷിയെ ബാധിക്കുന്നതായി മാറുമെന്നും സിപിഎം പിബി കുറ്റപ്പെടുത്തുന്നു. അഗ്നിപഥിലൂടെ പരിശീലനം ലഭിക്കുന്നവർ പിന്നീട് അക്രമി സംഘങ്ങളിൽ ചേരുന്ന ഗുരുതര സാഹചര്യം ഉണ്ടാകാനുള്ള സാധ്യതയും പിബി ചൂണ്ടിക്കാട്ടുന്നു.