മുംബൈ:ഡച്ച് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഗോള നിക്ഷേപ സ്ഥാപനമായ പ്രൊസസ് ബൈജൂസിന്റെ ഓഹരി നിക്ഷേപം എഴുതിത്തള്ളി. കനത്ത പ്രതിസന്ധി നേരിട്ട ബൈജൂസിന്റെ ഓഹരി മൂല്യം ഈയിടെ കുത്തനെ ഇടിഞ്ഞിരുന്നു.
2022ല്‍ 22 ബില്യണ്‍ ഡോളര്‍ മൂല്യമുണ്ടായിരുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പായിരുന്നു ബൈജൂസ്. കനത്ത സാമ്പത്തിക പ്രതിസന്ധിയും നിയമനടപടികളും കമ്പനിയുടെ പ്രവര്‍ത്തനംതന്നെ താളംതെറ്റിച്ചതോടെയാണ് ഓഹരി മൂല്യം പൂജ്യമായി രേഖപ്പെടുത്തിയത്. ബൈജൂസിലെ നിക്ഷേപത്തിലൂടെ 4,100 കോടി രൂപയുടെ നഷ്ടമുണ്ടായതായി പ്രൊസസിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.
അവകാശ ഇഷ്യുവിന് മുമ്പ് 9.6 ശതമാനം ഓഹരികളാണ് കമ്പനിക്കുണ്ടായിരുന്നത്. പ്രൊസസ് ഉള്‍പ്പടെയുള്ള നിക്ഷേപകര്‍ ബൈജൂസിനും മാനേജ്‌മെന്റ് എടുക്കുന്ന തീരുമാനങ്ങള്‍ക്കുമെതിരെ നിയമനടപടികള്‍ തുടരുന്നതിനെടെയാണ് ഡച്ച് നിക്ഷേപ സ്ഥാപനത്തിന്റെ എഴുതിത്തള്ളല്‍ എന്നത് ശ്രദ്ധേയമാണ്.
22 ബില്യണ്‍ മൂല്യത്തിന്റെ 99 ശതമാനവും കുറച്ചശേഷമാണ് ബൈജൂസ് 200 മില്യണ്‍ ഡോളറിന്റെ അവകാശ ഇഷ്യു പ്രഖ്യാപിച്ചത്. നിയമന നടപടികള്‍ പൂര്‍ത്തിയാക്കാതെ അവകാശ ഇഷ്യുവില്‍നിന്നുള്ള പണം ഉപയോഗിക്കരുതെന്ന് നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍ ഉത്തരവിട്ടിട്ടുണ്ട്.
ബൈജൂസിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍നിന്ന് 2023 ജൂലായില്‍ പ്രൊസസിന്റെ പ്രതിനിധിയായ റസ്സല്‍ ഡ്രെസെന്‍സ്റ്റോക്ക് രാജിവെച്ചിരുന്നു. സാമ്പത്തിക ഫലങ്ങള്‍ വൈകിയതും ഓഡിറ്ററായിരുന്ന ഡെലോയിറ്റ് പിന്‍വാങ്ങിയതുമുള്‍പ്പടെ നിരവധി പ്രശ്‌നങ്ങള്‍ നേരിട്ട സമയത്തായിരുന്നു ഡയറക്ടര്‍ ബോര്‍ഡില്‍നിന്ന് ഏറപേരും പുറത്തുപോയത്.