കൊച്ചി: നടിയെ ആക്രമിച്ച കേസിലെ സാക്ഷികളുടെ കൂട്ടക്കൂറുമാറ്റത്തിനു പിന്നില്‍ പ്രതി ദിലീപ് ആണെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍. കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയെ എതിര്‍ത്തുകൊണ്ടുള്ള റിപ്പോര്‍ട്ടിലാണ് പരാമര്‍ശം. ലൈംഗിക ആക്രമണത്തിന് ക്വട്ടേഷന്‍ കൊടുക്കുക എന്ന അസാധാരണമായ കേസാണ് ഇതെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താനുള്ള ശ്രമങ്ങളും സാധാരണമല്ല. നിയമത്തെ മറികടക്കുന്നതിനുള്ള സകല ശ്രമങ്ങളും ദിലീപ് നടത്തുന്നുണ്ട്. ഇരുപതു സാക്ഷികളുടെ കൂറുമാറ്റത്തിനു പിന്നില്‍ ദിലീപ് ആണെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. കേസിലെ മറ്റു പ്രതികള്‍ക്കും മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ എതിര്‍ത്തു.
നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന്റെ പുരോഗതി റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചു. സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിന്റെ വിവരങ്ങളാണ് കോടതിയില്‍ നല്‍കിയത്. തുടരന്വേഷണത്തിന്റെ ഭാഗമായി പള്‍സര്‍ സുനിയെ ജയിലില്‍ ചോദ്യം ചെയ്യുന്നതിന് അനുമതി തേടി അന്വേഷണ സംഘം വിചാരണകോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. തന്നെ ചോദ്യം ചെയ്യുന്നത് അഭിഭാഷകന്റെ സാന്നിദ്ധ്യത്തില്‍ വേണം എന്നാണ് സുനില്‍ കോടതിയോട് അഭ്യര്‍ഥിച്ചിട്ടുള്ളത്.
കേസിലെ മുഖ്യപ്രതിപള്‍സര്‍ സുനിയുടെ അമ്മയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തിയേക്കും.ആലുവ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് മൊഴി രേഖപ്പെടുത്തുക. ജയിലില്‍ സുനിയെ കണ്ട സമയത്ത് ഗൂഢാലോചനയില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്ന് വെളിപ്പെടുത്തിയതായി അമ്മ പറഞ്ഞിരുന്നു. ഈ ഗൂഢാലോചനയില്‍ സിനിമാ രംഗത്തെ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്നും സുനി പറഞ്ഞതായി അമ്മ ശോഭന ആരോപിച്ചിരുന്നു. കൂടാതെ കേസിലെ ചില കാര്യങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ട് സുനി ജയിലില്‍ നിന്നും തനിക്ക് കത്ത് അയച്ചതായും അമ്മ വ്യക്തമാക്കിയിരുന്നു. കത്തിന്റെ പകര്‍പ്പ് പുറത്തുവിടുകയും ചെയ്തിരുന്നു.