എംപയർ സ്റ്റേറ്റ് കെട്ടിടത്തിന്റെ മുകളിൽ കയറി സാഹസിക വിവാഹാഭ്യർത്ഥന: റഷ്യൻ ദമ്പതികൾ അറസ്റ്റിൽ

മോസ്കോ: ലോകപ്രശസ്തമായ ന്യൂയോർക്കിലെ എംപയർ സ്റ്റേറ്റ് കെട്ടിടത്തിന്റെ മുകളിൽ അനുമതിയില്ലാതെ കയറി വിവാഹാഭ്യർത്ഥന നടത്തിയ റഷ്യൻ ദമ്പതികൾ അറസ്റ്റിൽ. ‘സ്‌കൈവാക്കേഴ്‌സ്: എ ലവ് സ്റ്റോറി’ എന്ന നെറ്റ്ഫ്ളിക്സ് ഡോക്യുമെന്ററിയിലൂടെ പ്രശസ്തരായ ഇവാൻ ബീർക്കസ് (32), ആഞ്ചല നിക്കോളാവു (33) എന്നിവരാണ് അറസ്റ്റിലായത്.

ഇരുവരുടെയും വിവാഹാഭ്യർത്ഥനയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. കറുത്ത വസ്ത്രങ്ങളും മാസ്കും ധരിച്ചെത്തിയ ഇവർ യാതൊരു സുരക്ഷ സൗകര്യങ്ങളുമില്ലാതെയാണ് എംപയർ സ്റ്റേറ്റ് കെട്ടിടത്തിന്റെ ഏറ്റവും മുകളിൽ കയറിയത്. തുടർന്ന് ആന്റിനയിലെ ഇടുങ്ങിയ സ്ഥലത്ത് നിന്നുകൊണ്ട് “പ്രണയത്തിന്റെ ശക്തി അധികാരത്തോടുള്ള മോഹത്തെ കീഴടക്കുമ്പോൾ ലോകത്ത് സമാധാനമുണ്ടാകും” എന്ന ബാനറും ഉയർത്തി.

ശേഷം ഇവാൻ മുട്ടുകുത്തിനിന്ന് ആഞ്ചലീനയോട് വിവാഹാഭ്യ‌‌ർത്ഥന നടത്തുകയും മോതിരം അണിയിക്കുകയുമായിരുന്നു. കെട്ടിടത്തിൽ നിന്നും താഴെ ഇങ്ങിയതിന് പിന്നാലെയാണ് ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. അതിക്രമിച്ച് കടക്കൽ, ക്രമസമാധാന ലംഘനം തുടങ്ങിയ ഗുരുതരമായ വകുപ്പുകളാണ് ഇവർക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News