മെക്സിക്കോ:സിനിമാ ചിത്രീകരണത്തിനിടെ നടൻ അലക് ബോൾഡ്വിന്നിന്റെ വെടിയേറ്റ് ഛായാഗ്രാഹക ഹാല്യാന ഹച്ചിൻസ് (42) മരിച്ചു. ഒപ്പമുണ്ടായിരുന്ന സംവിധായകൻ ജോയൽ സോസയ്ക്ക് പരിക്കേറ്റു.
ന്യൂമെക്സിക്കോയിലെ സാന്റഫെയിൽ ബോൾഡ്വിൻ സഹനിർമാതാവ് കൂടിയായ റസ്റ്റ് എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയായിരുന്നു ദാരുണ സംഭവം. ചിത്രത്തിൽ അബദ്ധത്തിൽ ഒരാളെ വെടിവെച്ച് കൊല്ലുന്ന പതിമൂന്നുകാരന്റെ അച്ഛൻ റസ്റ്റായാണ് ബോൾഡ്വിൻ അഭിനയിക്കുന്നത്.
സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് സാന്റാഫേ പോലീസ് പറഞ്ഞു. ഷൂട്ടിങ്ങിന് ഏത് തരം തോക്കാണ് ഉപയോഗിച്ചിരുന്നതെന്നും സംഭവമുണ്ടായത് എങ്ങനെയാണെന്നും പരിശോധിച്ചു വരികയാണെന്നും പോലീസ് വ്യക്തമാക്കി.
വെടിയേറ്റ ഉടനെ ഹല്യാനയെ വ്യോമമാർഗം ആശുപത്രിയിലെത്തിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ സോസ എമർജൻസി വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവത്തെ തുടർന്ന് സിനിമാചിത്രീകരണം നിർത്തിവെച്ചു.
1980 മുതൽ ടിവി പരിപാടികളിലും സിനിമകളിലും സജീവമായ ആളാണ് അലക് ബാൾഡ്വിൻ. ‘ദി ഹണ്ട് ഫോർ റെഡ് ഒക്ടോബർ, ‘മിഷൻ ഇംപോസിബിൾ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.
ഷൂട്ടിങിന് ചെറിയ തോക്ക് ഉപയോഗിക്കുന്നത് സംബന്ധിച്ച് കർശന നിബന്ധനകൾ നിലനിൽക്കുന്നുണ്ട്. എന്നിരുന്നാലും ഇത്തരം അപകട വാർത്തകൾ നേരത്തേയും പുറത്തുവന്നിട്ടുണ്ട്. ബ്രൂസ് ലീയുടെ മകൻ ബ്രാൻഡൻ ലീയും ‘ദി ക്രോ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ സമാനമായ രീതിയിൽ വെടിയേറ്റാണ് മരണപ്പെട്ടത്.