മുംബൈ: റേപ്പ് കൾച്ചർ പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങൾ തുടർച്ചയായി ചെയ്ത ഡിയോഡറന്റ് കമ്പനി വിവാദത്തിൽ. പ്രസിദ്ധ ഡിയോഡറന്റ് നിർമ്മാതാക്കളായ ലെയർ ആണ് സഭ്യേതര പരസ്യം ചെയ്തതിനെത്തുടർന്ന് പുലിവാല് പിടിച്ചത്.
സൂപ്പർമാർക്കറ്റിൽ സൗന്ദര്യവർധക വസ്തുക്കൾ തിരഞ്ഞെടുത്തു കൊണ്ടിരിക്കുന്ന ഒരു പെൺകുട്ടിയുടെ പുറകിൽ നിന്ന് നാല് ചെറുപ്പക്കാർ കമന്റ് പറയുന്നതാണ് പരസ്യത്തിന്റെ ഉള്ളടക്കം. ‘നമ്മൾ നാലു പേരുണ്ട്, ഇത് ഒരെണ്ണമേ ഉള്ളൂ’ എന്നുപറയുന്ന ചെറുപ്പക്കാർ, സാധനങ്ങൾ നോക്കാനായി കുനിഞ്ഞ പെൺകുട്ടിയുടെ പിറകിൽ നിന്ന് ‘ഷോട്ട് ആരെടുക്കും’ എന്ന് ചോദിക്കുന്നുണ്ട്. ഈ രംഗം ആണ് വിവാദമായത്.
ട്വിറ്ററിൽ പരസ്യത്തിനെ വിമർശിച്ച് നിരവധി പേരാണ് രംഗത്ത് വരുന്നത്. ലെയർ കമ്പനി ഇതിനു മുൻപും അശ്ലീല പരാമർശങ്ങളടങ്ങിയ മറ്റൊരു പരസ്യം രംഗത്തിറക്കിയിരുന്നു. ഇണകളുടെ കിടപ്പറയിലേക്ക് കടന്നുചെല്ലുന്ന നാല് യുവാക്കൾ നടത്തുന്ന അശ്ലീല പരാമർശമാണ് പഴയ പരസ്യത്തിന്റെ ഇതിവൃത്തം. ഈ പരസ്യവും ഇന്റർനെറ്റിൽ നിന്നും ചികഞ്ഞെടുത്ത് പലരും വിമർശിക്കുന്നുണ്ട്.