ഹൈദരാബാദ്: പരിശീലനത്തിലായിരുന്ന വനിതാ ഐപിഎസ് ഉദ്യോഗസ്ഥയെ റൂമില്‍ പൂട്ടിയിട്ട് ലൈംഗികമായി ഉപദ്രവിച്ചു എന്ന കേസില്‍ പ്രതിയായ പ്രൊബേഷനറി ഐപിഎസ് ഓഫീസര്‍ ഉദയ് കൃഷ്ണ റെഡ്ഡിയെ ബോധരഹിതനായ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൈദരാബാദിലെ കുടുംബസുഹൃത്തിന്റെ വീട്ടില്‍ വെച്ച് തിങ്കളാഴ്ച രാവിലെയാണ് ഉദയ് കുഴഞ്ഞുവീണത്. തുടര്‍ന്ന് ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് ഇയാളെ അടിയന്തരമായി സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ആദ്യം സാനിറ്റൈസറോ വിഷമോ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നെങ്കിലും, ഡോക്ടര്‍മാര്‍ ഇത് തള്ളി. വയര്‍ കഴുകിയപ്പോള്‍ വിഷാംശമുള്ള മരുന്നുകളുടെയോ മറ്റ് വസ്തുക്കളുടെയോ സാന്നിധ്യം കണ്ടെത്തിയിട്ടില്ല. എന്നാല്‍, ഇയാളുടെ രക്തത്തില്‍ ഉയര്‍ന്ന അളവില്‍ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.ഞായറാഴ്ച പീഡനക്കേസ് വാര്‍ത്തകളില്‍ നിറഞ്ഞതോടെ ഉദയ് കൃഷ്ണ റെഡ്ഡി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് സഹോദരന്‍ വ്യക്തമാക്കി. കിടപ്പുമുറിയില്‍ മദ്യക്കുപ്പിയും സാനിറ്റൈസര്‍ കുപ്പിയും കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആത്മഹത്യാശ്രമമാണെന്ന് കുടുംബം ആദ്യം സംശയിച്ചത്.
അതേസമയം, തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെല്ലാം വ്യാജമാണെന്ന് അവകാശപ്പെട്ട് ഉദയ് കൃഷ്ണ റെഡ്ഡി സോഷ്യല്‍ മീഡിയയില്‍ ഒരു കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. പരാതിക്കാരിയായ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയും താനും തമ്മില്‍ മുന്‍പ് പ്രണയത്തിലായിരുന്നുവെന്നും അവരുടെ വിവാഹശേഷവും ആ ബന്ധം തുടരാന്‍ അവര്‍ തന്നെ നിര്‍ബന്ധിച്ചിരുന്നുവെന്നുമാണ് ഉദയ് കുറിപ്പില്‍ അവകാശപ്പെടുന്നത്.
2025 ജൂണ്‍ മുതല്‍ തങ്ങള്‍ പ്രണയത്തിലായിരുന്നുവെന്നാണ് ഉദയ് പറയുന്നത്. ‘ഞാന്‍ മുറിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നില്ല. പരാതിക്കാരി നിര്‍ബന്ധം പിടിച്ച് എന്റെ മുറിയിലേക്ക് വരികയായിരുന്നു. ഇതിനുള്ള വാട്ട്‌സ്ആപ്പ് ചാറ്റുകള്‍ എന്റെ കൈയിലുണ്ട്. ജൂലൈ 9-ന് ലൈംഗിക ബന്ധത്തിലേര്‍പ്പെടണം എന്ന് പറഞ്ഞ് അവര്‍ തനിയെ എന്റെ മുറിയിലേക്ക് വന്നു. ഞാന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടും എന്നെ ബലമായി കെട്ടിപ്പിടിക്കുകയും ഉമ്മവെക്കുകയും ചെയ്തു. തുടര്‍ന്ന് ഇതിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി അവര്‍ സ്വന്തം ഭര്‍ത്താവിന് അയച്ചുകൊടുക്കുകയായിരുന്നു. റൂമില്‍ വെച്ച് വഴക്കുണ്ടായപ്പോള്‍ സ്വയം പ്രതിരോധിക്കുക മാത്രമാണ് ഞാന്‍ ചെയ്തത്.’
ഹൈദരാബാദിലെ സര്‍ദാര്‍ വല്ലഭ്ഭായി പട്ടേല്‍ നാഷണല്‍ പോലീസ് അക്കാദമിയില്‍ പരിശീലനം നേടുന്ന 30-കാരിയായ വനിതാ ഐപിഎസ് ഉദ്യോഗസ്ഥ നല്‍കിയ പരാതിയിലാണ് അട്ടാപ്പൂര്‍ പോലീസ് ഉദയ് കൃഷ്ണ റെഡ്ഡിക്കെതിരെ കേസ് എടുത്തത്. അശ്ലീല സന്ദേശങ്ങള്‍ അയച്ചു, ശാരീരികമായി ആക്രമിച്ചു, മുറിയില്‍ പൂട്ടിയിട്ട് കത്തികാട്ടി ഭീഷണിപ്പെടുത്തി, അനുമതിയില്ലാതെ സ്വകാര്യ വീഡിയോ ചിത്രീകരിച്ച് ഭര്‍ത്താവിന് അയച്ചു തുടങ്ങിയ കടുത്ത ആരോപണങ്ങളാണ് പരാതിക്കാരി ഇയാള്‍ക്കെതിരെ ഉന്നയിച്ചിരിക്കുന്നത്. അതേസമയം, ഉദയ് ആശുപത്രിയിലായ സംഭവത്തില്‍ പോലീസിന് നിലവില്‍ പ്രത്യേക പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
English Summary
Probationary IPS officer Uday Krishna Reddy, accused of sexually assaulting a female counterpart at the National Police Academy, was admitted to a private hospital in Hyderabad on Monday after being found unconscious. Rumors of a suicide attempt using sanitizer or poison were dismissed by doctors, who confirmed no toxic substances were found during a stomach wash, though high levels of alcohol were detected in his blood. Before his hospitalization, Reddy posted a statement on social media claiming a consensual relationship with the complainant since June 2025 and alleging she framed him after he resisted continuing the affair post her marriage. The Attapur police had booked Reddy based on the victim’s complaint, which charged him with wrongful confinement, physical assault, and sending explicit content.


