തുര്‍ക്കിയിലെ യുഎസ് സൈനികരുള്ള വ്യോമത്താവളത്തിലേക്ക് ഇരച്ചുകയറി പലസ്തീന്‍ അനുകൂലികള്‍……
അങ്കാറ:ഗാസയിലെ ആക്രമണം സംബന്ധിച്ച ചർച്ചകൾക്കായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ തുർക്കി തലസ്ഥാനമായ അങ്കാറയിൽ എത്തുന്നതിന് മണിക്കൂറുകൾ മുൻപ് യുഎസ് സൈനികർ ഉൾപ്പെടുന്ന വ്യോമതാവളത്തിലേക്ക് ഇരച്ചുകയറാൻ ശ്രമിച്ച‌് പലസ്തീൻ അനുകൂലികൾ.
പ്രതിഷേധക്കാർക്കു നേരെ തുർക്കി പൊലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു. ഇസ്രയേൽ-ഹമാസ് യുദ്ധം ആരംഭിച്ചതു മുതൽ രാജ്യത്തുടനീളം പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരുന്നു. ഗാസയിൽ ഇസ്രയേൽ ആക്രമണം രൂക്ഷമായതിനെ തുർക്കി രൂക്ഷമായി വിമർശിച്ചിരുന്നു.
🚨 JUST IN: Turkish Police Disperse Pro-Palestinian Protesters Near İncirlik Air Base Which Houses U.S. Troops pic.twitter.com/TsAjfbTz6G
— Mario Nawfal (@MarioNawfal) November 5, 2023
ഗാസയിലെ ഇസ്രയേൽ ആക്രമണങ്ങളിലും ഇസ്രയേലിനുള്ള യുഎസ് പിന്തുണയിലും പ്രതിഷേധിച്ച് ഞായറാഴ്ച തുർക്കി സംഘടനയായ ഐഎച്ച്‌എച്ച് ഹ്യൂമാനിറ്റേറിയൻ റിലീഫ് ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് തെക്കൻ തുർക്കിയിലെ അദാന പ്രവിശ്യയിലെ ഇൻസിർലിക് വ്യോമതാവളത്തിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചത്.
സിറിയയിലും ഇറാഖിലും ഇസ്‍ലാമിക് സ്റ്റേറ്റിനെതിരെ പോരാടുന്ന രാജ്യാന്തര സഖ്യത്തെ പിന്തുണയ്ക്കുന്നതിനു സ്ഥാപിച്ച ഇൻസിർലിക്ക് വ്യോമതാവളത്തിൽ യുഎസ് സൈനികരും ഉണ്ട്. ഈ വ്യോമതാവളം അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഐഎച്ച്എച്ച് പ്രതിഷേധം.
ടർക്കിഷ്, പലസ്തീൻ പതാകകൾ വീശി, മുദ്രാവാക്യം മുഴക്കി എത്തിയ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതകവും ജലപീരങ്കികളും പ്രയോഗിക്കുന്നത് പുറത്തുവന്ന ദൃശ്യങ്ങളിൽ കാണാം. ബാരിക്കേഡുകൾ തകർത്ത് പ്രതിഷേധക്കാർ പൊലീസുമായി ഏറ്റുമുട്ടി.
പ്രതിഷേധക്കാർ പ്ലാസ്റ്റിക് കസേരകളും കല്ലുകളും മറ്റു വസ്തുക്കളും പൊലീസിന് നേരെ എറിയുന്നതും ജനക്കൂട്ടത്തിന് നേരെ പൊലീസ് പുക ബോംബ് എറിയുന്നതും കാണാമായിരുന്നു. പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഏറെനേരം സംഘർഷമുണ്ടായി
ഐഎച്ച്എച്ച് പ്രസിഡന്റ് ബുലൻഡ് യിൽദിരിം അദാനയിലെ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുകയും പൊലീസിനെ ആക്രമിക്കരുതെന്ന് നിർദേശം നൽകുകയും ചെയ്തു. ‘‘സുഹൃത്തുക്കളേ, കല്ലെറിയുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്യുന്നത് തെറ്റാണ്. കാരണം പൊലീസും സൈനികരും ഗാസയിൽ പോയി യുദ്ധം ചെയ്യാൻ ആഗ്രഹിക്കുന്നു, സമയമാകുമ്പോൾ അവർ പോകും.
നമ്മുടെ രോഷം വളരെ വലുതാണ്, അത് അടക്കിവയ്ക്കാൻ കഴിയില്ല. എന്നാൽ തുർക്കി ചെയ്യാൻ സാധിക്കുന്നത് എല്ലാം ചെയ്യുന്നു.’’– ബുലൻഡ് യിൽദിരിം പറഞ്ഞു. പൊലീസുമായുള്ള ഏറ്റുമുട്ടലിനെത്തുടർന്ന് ഐഎച്ച്എച്ച് റാലി നിശ്ചയിച്ചതിലും നേരത്തെ അവസാനിപ്പിച്ചു.
തിങ്കളാഴ്ച, തുർക്കി വിദേശകാര്യമന്ത്രി ഹക്കൻ ഫിദാനുമായി ഗാസയെക്കുറിച്ചുള്ള ചർച്ചകൾക്കായി ആന്റണി ബ്ലിങ്കൻ അങ്കാറയിൽ എത്തുന്നതിന് മണിക്കൂറുകൾക്ക് മുൻപാണ് റാലി നടന്നത്. യുദ്ധത്തിനിടെ മേഖലയിൽ രണ്ടാമത്തെ സന്ദർശനത്തിനെത്തിയ ആന്റണി ബ്ലിങ്കൻ, വെസ്റ്റ് ബാങ്കിലെ റമല്ലയിൽ പലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ചർച്ച ഒരു മണിക്കൂറിനകം അവസാനിച്ചു. ചർച്ചയ്ക്കു ശേഷം പതിവുള്ള സംയുക്തപ്രസ്താവന ഉണ്ടായില്ല. ഗാസയിലേതു വംശഹത്യയാണെന്നും വെടിനിർത്തൽ ഉടൻ വേണമെന്നും മഹമൂദ് അബ്ബാസ് യുഎസ് സ്റ്റേറ്റ് സെക്രട്ടറിയോട് ആവർത്തിച്ചു.