ഗവർണർമാർ ജനം തിരഞ്ഞെടുത്തവരല്ല, മറക്കരുത്; രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി
ന്യൂഡല്‍ഹി: നിയമസഭകള്‍ പാസാക്കിയ ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്ന ഗവര്‍ണര്‍മാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. തെരെഞ്ഞെടുക്കപ്പെട്ടവര്‍ അല്ലെന്ന വസ്തുത ഗവര്‍ണമാര്‍ ഓര്‍ക്കണമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. സുപ്രീം കോടതിയില്‍ ഹര്‍ജികള്‍ എത്തുമ്പോള്‍ മാത്രം ബില്ലുകളില്‍ തീരുമാനം എടുക്കുന്ന പ്രവണത ഗവര്‍ണമാര്‍ അവസാനിപ്പിക്കണമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ഗവര്‍ണര്‍മാര്‍ക്കെതിരെ കേരളം ഉള്‍പ്പടെ വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കിയ ഹര്‍ജികള്‍ സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും.
നിയമസഭാ പാസാക്കിയ ബില്ലുകള്‍ ഒപ്പിടാത്ത ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിനെതിരെ പഞ്ചാബ് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് രൂക്ഷ വിമര്‍ശനം നടത്തിയത്.
നിയമസഭാ പാസാക്കിയ ഏഴ് ബില്ലുകളില്‍ ഗവര്‍ണറുടെ തീരുമാനം അനന്തമായി വൈകുകയാണെന്ന് പഞ്ചാബ് സര്‍ക്കാരിനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ അഭിഷേക് മനു സിംഗ്വി ചൂണ്ടിക്കാട്ടി. എന്നാല്‍ ചില ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവച്ചു എന്നാണ് തന്നെ അറിയിച്ചത് എന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി.
തുടര്‍ന്നാണ് ഹര്‍ജികള്‍ സുപ്രീം കോടതിയില്‍ എത്തുന്നതുവരെ തീരുമാനം വൈകിപ്പിക്കുന്ന പ്രവണത ഗവര്‍ണര്‍മാര്‍ അവസാനിപ്പിക്കണെമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചത്. നിയമസഭ പാസാക്കുന്ന ബില്ലുകളില്‍ ഒന്നുകില്‍ ഗവര്‍ണര്‍ക്ക് ഒപ്പുവയ്ക്കാം, അല്ലെങ്കില്‍ തിരിച്ചയയ്ക്കാം. അതുമല്ലെങ്കില്‍ രാഷ്ട്രപതിക്ക് അയയ്ക്കാം.
ഇതൊന്നും ചെയ്യാതെ അനന്തമായി തീരുമാനം വൈകിപ്പിക്കുന്നത് ശരിയല്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പ്രശനം പരിഹരിക്കുന്നതിന് എല്ലാവരും ആത്മപരിശോധന നടത്തണമെന്നും പഞ്ചാബ് സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിച്ചുകൊണ്ട് സുപ്രീം കോടതി അഭിപ്രയപെട്ടു.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരളം ഫയല്‍ ചെയ്ത ഹര്‍ജി സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. തമിഴ്‌നാട് ഗവര്‍ണര്‍ക്കെതിരെ സ്റ്റാലിന്‍ സര്‍ക്കാര്‍ ഫയല്‍ ചെയ്ത ഹര്‍ജിയും വെള്ളിയാഴ്ച സുപ്രീം കോടതി പരിഗണിക്കും.
സംസ്ഥാന നിയമസഭ പാസാക്കിയ എട്ട് ബില്ലുകളില്‍ ഗവര്‍ണറുടെ തീരുമാനം വൈകുന്നതിനെതിരെ കേരളം ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ടെന്ന് മുന്‍ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലാണ് ഇന്ന് സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടിയത്. ഹര്‍ജി സംബന്ധിച്ച വാര്‍ത്ത കണ്ട ഗവര്‍ണര്‍ താന്‍ കോടതിയില്‍ നിലപാട് വിശദീകരിക്കുമെന്ന് പ്രതികരിച്ചു എന്നാണ് മാധ്യമങ്ങളില്‍നിന്ന് മനസിലാകുന്നത് എന്നും വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കാമെന്ന് സുപ്രീം കോടതി അറിയിച്ചത്.