24.7 C
Kottayam
Sunday, May 19, 2024

രാഹുലിന്റെ യാത്ര സൂപ്പര്‍ഹിറ്റ്,പിന്നാലെ സഹോദരി പ്രിയങ്കയും യാത്രയ്ക്കിറങ്ങുന്നു

Must read

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് പിന്നാലെ രാജ്യത്തുടനീളം മറ്റൊരു മെഗാ പ്രചാരണ പരിപാടി കൂടി സംഘടിപ്പിക്കുമെന്ന് കോണ്‍ഗ്രസ്. രണ്ടു മാസം നീണ്ടുനില്‍ക്കുന്ന പ്രചാരണ പരിപാടിയാണ് സംഘടിപ്പിക്കുക. ഭാരത് ജോഡോ യാത്ര സമാപിക്കുന്ന 2023 ജനുവരി 26 മുതല്‍ ‘ഹാത് സേ ഹാത് ജോഡോ അഭിയാന്‍’ എന്ന പേരില്‍ പ്രചാരണ പരിപാടി ആരംഭിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ അറിയിച്ചു.

ഗ്രാമ, ബ്ലോക്ക് തലങ്ങളില്‍ പദയാത്രകള്‍, ജില്ലാ തലങ്ങളില്‍ കണ്‍വെന്‍ഷന്‍, സംസ്ഥാന തലത്തില്‍ റാലി എന്നിവയെല്ലാം യാത്രയുടെ ഭാഗമായി നടക്കും. ഇതിനുപുറമേ പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍ സ്ത്രീകളെ സംഘടിപ്പിച്ച് എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും മഹിളാ മാര്‍ച്ച് നടക്കുമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. 2023 മാര്‍ച്ച് 26-ന് പ്രചാരണ പരിപാടി സമാപിക്കും.

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന ഭാരത് ജോഡോ യാത്രയിലൂടെ ഉണ്ടായ ആവേശം നിലനിര്‍ത്താനും അത് പാര്‍ട്ടിയുടെ താഴേതട്ടിലേക്ക് പകര്‍ന്നുകൊടുക്കാനുമാണ് പുതിയ പ്രചാരണം ആവിഷ്‌കരിച്ചത്. യാത്രയുടെ സന്ദേശം സംബന്ധിച്ച രാഹുലിന്റെ കത്ത് പ്രചാരണ വേളയില്‍ ജനങ്ങളിലേക്ക് എത്തിക്കുമെന്നും വേണുഗോപാല്‍ പറഞ്ഞു.

ഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്ത് ഞായറാഴ്ച ചേര്‍ന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെയുടെ നേതൃത്വത്തില്‍ നടന്ന ആദ്യ സ്റ്റിയറിങ് കമ്മിറ്റി യോഗമായിരുന്നു ഇത്. സോണിയാ ഗാന്ധി, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോത്ത്, ഭൂപേഷ് ഭാഗേല്‍, പി ചിദംബരം, ആനന്ദ് ശര്‍മ, മീര കുമാര്‍, അംബിക സോണി എന്നീ നേതാക്കളും യോഗത്തില്‍ പങ്കെടുത്തു.

അടുത്തവര്‍ഷം ഫെബ്രുവരി രണ്ടാംവാരത്തില്‍ ഛത്തീസ്ഗഡിലെ റായ്പൂരില്‍വെച്ച് മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന പാര്‍ട്ടി പ്ലീനറി ചേരാനും യോഗത്തില്‍ തീരുമാനമായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week