ന്യൂഡൽഹി: കോൺഗ്രസ് രാജ്യത്ത് അധികാരത്തിലേറിയാൽ ജനങ്ങളുടെ സ്വത്ത് വിതരണം ചെയ്യുമെന്നും സ്ത്രീകളുടെ താലിമാല പോലും സുരക്ഷിതമായിരിക്കില്ലെന്നും വിമർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പ്രിയങ്ക ഗാന്ധിയുടെ കടുത്ത മറുപടി. രാജ്യത്തിനു വേണ്ടി താലിമാല സമർപ്പിച്ച ആളാണു തന്റെ അമ്മയെന്ന് അച്ഛൻ രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വം പരാമർശിച്ച് പ്രിയങ്ക പറഞ്ഞു.
കഴിഞ്ഞ 75 വർഷമായി രാജ്യം സ്വതന്ത്രമാണ്. അതിൽ 55 വർഷം കോൺഗ്രസായിരുന്നു അധികാരത്തിൽ. ഒരിക്കലെങ്കിലും ജനങ്ങളുടെ സ്വർണമോ താലിമാലയോ കോൺഗ്രസ് തട്ടിയെടുത്തിട്ടുണ്ടോ? പ്രിയങ്ക ചോദിച്ചു. യുദ്ധമുണ്ടായപ്പോൾ സ്വന്തം സ്വർണാഭരണങ്ങൾ സംഭാവന ചെയ്തയാളാണ് എന്റെ മുത്തശ്ശി. താലിമാലയുടെ മഹത്വം അറിയാമായിരുന്നെങ്കിൽ മോദി ഇത്തരം കാര്യങ്ങൾ പറയില്ലായിരുന്നു– അവർ പറഞ്ഞു.
പ്രക്ഷോഭത്തിനിടെ മരിച്ച 600 കർഷകരുടെ ഭാര്യമാരുടെ താലിമാലകളെക്കുറിച്ച് മോദിക്ക് എന്തുകൊണ്ട് ആശങ്കയില്ല? മണിപ്പുരിൽ പീഡനത്തിനിരയായി താലിമാല പോലും നഷ്ടമാകുംവിധം സ്ത്രീകൾ ദുരിതമനുഭവിച്ചപ്പോൾ എവിടെയായിരുന്നു പ്രധാനമന്ത്രി? നോട്ടുനിരോധനം പ്രഖ്യാപിച്ചപ്പോൾ സ്ത്രീകളെക്കുറിച്ചുള്ള മോദിയുടെ കരുതൽ എവിടെയായിരുന്നു? സ്ത്രീകളുടെ താലിമാലയെക്കുറിച്ച് ആശങ്കയുണ്ടായിരുന്നെങ്കിൽ അവരുടെ കുടുംബത്തിലെ പുരുഷൻമാർക്കു മോദി ജോലി നൽകുമായിരുന്നു’– കർണാടകയിൽ പ്രചാരണത്തിനിടെ പ്രിയങ്ക പറഞ്ഞു.
സമുദായങ്ങളെ ഭിന്നിപ്പിച്ച് രാജ്യത്തെ തകർക്കാൻ ശ്രമിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ചരിത്രം പഠിച്ച് ജവാഹർലാൽ നെഹ്റുവിനെ പോലെയുള്ളവർ എങ്ങനെയാണു രാജ്യത്തെ ചേർത്തു പിടിച്ചതെന്നു മനസ്സിലാക്കണമെന്ന് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ പറഞ്ഞു.
രാജ്യത്തു നിശ്ശബ്ദമായ അടിയൊഴുക്കുണ്ടെന്നും കോൺഗ്രസിനു കിട്ടുന്ന പിന്തുണയെ മോദി ഭയക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ‘മോദി തരംതാണ രാഷ്ട്രീയം കളിക്കുന്നു. കോൺഗ്രസ് അധികാരത്തിൽ വന്നാൽ ഹിന്ദുക്കളുടെ സ്വത്തും സ്വർണവും പിടിച്ചെടുത്ത് കൂടുതൽ കുട്ടികളുള്ള മുസ്‌ലിംകൾക്കു നൽകുമെന്നാണ് അദ്ദേഹം പറയുന്നത്. എനിക്ക് 5 കുട്ടികളുണ്ട്. ഭാവിയിൽ ആരെങ്കിലും സ്വത്തു പിടിച്ചെടുത്തു തരുമെന്നു കരുതിയല്ല, അധ്വാനിച്ചു തന്നെയാണ് അവരെ വളർത്തിയത്. കോൺഗ്രസ് വന്നാൽ മംഗല്യസൂത്രം നഷ്ടമാകുമെന്നാണു പറയുന്നത്. 55 വർഷം രാജ്യം ഭരിച്ച കോൺഗ്രസിനെക്കുറിച്ച് അങ്ങനെ എന്തെങ്കിലും കേട്ടിട്ടുണ്ടോ?’– ഖർഗെ ചോദിച്ചു.
മോദി വാഗ്ദാനം നൽകും. ഒന്നും നടപ്പാക്കാതിരിക്കും. ഞങ്ങൾ വ്യക്തികളുടെ പേരിലല്ല, പാർട്ടിയുടെ പേരിലാണ് ഉറപ്പുകൾ നൽകുന്നത്. കോൺഗ്രസ് ഭരണം നേടിയ സംസ്ഥാനങ്ങളിലെല്ലാം നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കി– മല്ലികാർജുൻ ഖർഗെ പറഞ്ഞു.
സ്വത്തിനു നികുതി ചുമത്തുന്നതിനെ പിന്തുണച്ച് ബിജെപി നേതാവും മുൻ കേന്ദ്ര സഹമന്ത്രിയുമായ ജയന്ത് സിൻഹ മുൻപ് സംസാരിച്ചതിന്റെ വിഡിയോ കോൺഗ്രസ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ജയന്തിനെ പിന്തുണയ്ക്കുന്നുവെന്ന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ 2014 ൽ എക്സിൽ എഴുതിയ കുറിപ്പും കോൺഗ്രസ് നേതാവ് ജയറാം രമേശ് പങ്കുവച്ചു. ഈ കുറിപ്പ് വൈകാതെ പിൻവലിക്കുമെന്ന് തോന്നുന്നുവെന്ന വാചകത്തോടെയായിരുന്നു ജയറാമിന്റെ പോസ്റ്റ്. തൊട്ടുപിന്നാലെ മാളവ്യയുടെ എക്സ് അക്കൗണ്ടിൽ നിന്ന് കുറിപ്പ് അപ്രത്യക്ഷമായി.