29.1 C
Kottayam
Saturday, May 4, 2024

‘മകളെ കണ്ടു, മമ്മീയെന്നു വിളിച്ച് ഓടിവന്നു കെട്ടിപ്പിടിച്ചു; യെമൻ രാജ്യത്തിന് നന്ദി പറഞ്ഞ്‌ പ്രേമകുമാരി

Must read

സന: യെമന്‍ രാജ്യത്തിന് നന്ദിപറഞ്ഞ് നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി. അധികൃതരുടെ കൃപയാല്‍ മകള്‍ സുഖമായിരിക്കുന്നുവെന്ന് അവര്‍ പറഞ്ഞു. വര്‍ഷങ്ങള്‍ക്കുശേഷം മകളെ ജയിലില്‍വച്ച് കണ്ടപ്പോഴുണ്ടായ വൈകാരിക നിമിഷങ്ങളും അവര്‍ പങ്കുവച്ചു. ജയിലില്‍വച്ച് കണ്ടപ്പോള്‍ നിമിഷപ്രിയ ഓടിവന്നു കെട്ടിപ്പിടിച്ചു. കല്യാണം കഴിച്ചുപോയശേഷം ആദ്യമായാണ് മകളെ കാണുന്നത്. ഭക്ഷണം കൊണ്ടുവന്നപ്പോള്‍ പരസ്പരം വിളമ്പിക്കഴിച്ചു. സഹതടവുകാരെയും ജയില്‍ ഉദ്യോഗസ്ഥരെയും നിമിഷ പരിചയപ്പെടുത്തിയെന്നും പ്രേമകുമാരി പറഞ്ഞു .

വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു യെമന്‍ തലസ്ഥാനമായ സനയിലെ ജയിലില്‍ കഴിയുന്ന മലയാളി യുവതി നിമിഷപ്രിയ അമ്മ പ്രേമകുമാരിയെ 12 വര്‍ഷങ്ങള്‍ക്കുശേഷമാണ് കാണുന്നത്. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരായ നാഫയ്ക്കും ദുഹയ്ക്കും മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവല്‍ ജറോമിനുമൊപ്പമാണു നിമിഷയെ കാണുന്നതിനായി പ്രേമകുമാരി ജയിലിലെത്തിയത്. വളരെ വൈകാരിക നിമിഷമായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയെന്ന് സാമുവല്‍ ജെറോം അറിയിച്ചു.

”ജയിലിനകത്തേക്ക് ഫോണ്‍ കയറ്റാന്‍ അനുവാദമില്ലായിരുന്നു. അകത്തുകയറിയപ്പോള്‍ ഒരു സ്വകാര്യ ഇടം ഞങ്ങള്‍ക്കു ലഭിച്ചു. പിന്നാലെ നിമിഷയെ എത്തിച്ചു. വളരെ വികാരനിര്‍ഭര നിമിഷങ്ങളായിരുന്നു അത്. അമ്മയ്ക്ക് കുറച്ചുസമയം നിമിഷപ്രിയയ്ക്കൊപ്പം ചെലവഴിക്കാമെന്ന് അവര്‍ അറിയിച്ചു. അതുകൊണ്ട് എംബസി ഉദ്യോഗസ്ഥരും ഞാനും പുറത്തേക്കിറങ്ങി. അവര്‍ക്ക് ഉച്ചഭക്ഷണം കൊണ്ടു വാങ്ങി അകത്തേക്കു കൊടുത്തയച്ചു. പിന്നീട് ഉദ്യോഗസ്ഥരെ തിരിച്ച് എംബസിയില്‍ വിടാനായി ഞാനും അവര്‍ക്കൊപ്പമിറങ്ങി. ഇനി തിരിച്ചുചെന്ന് നിമിഷയുടെ അമ്മയുമായി താമസസ്ഥലത്തേക്കു പോകണം” – സാമുവല്‍ ജെറോം അറിയിച്ചു.

പ്രാദേശികസമയം ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി മകളെ കാണാന്‍ ജയിലില്‍ എത്തിയത്. വൈകുന്നേരം അഞ്ചര വരെ അവര്‍ മകള്‍ക്കൊപ്പം തുടര്‍ന്നു. ഒരുമിച്ച് ഉച്ചഭക്ഷണം കഴിക്കുകയും ചെയ്തു. പിന്നീട് സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലിന്റെ കോര്‍ കമ്മിറ്റി യോഗത്തിലും പ്രേമകുമാരി പങ്കെടുത്തു.

12 വര്‍ഷത്തിനു ശേഷമാണ് പ്രേമകുമാരി മകളെ കാണുന്നത്. 2012ലാണു മകളെ പ്രേമകുമാരി അവസാനമായി കണ്ടത്. ഇന്നലെ രാവിലെ 11 മണിയോടെ (ഇന്ത്യന്‍ സമയം) റോഡുമാര്‍ഗം ഏദനില്‍നിന്നു സനയിലെത്തിയ പ്രേമകുമാരി മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവേല്‍ ജെറോം വഴിയാണ് ജയില്‍ അധികൃതര്‍ക്ക് അപേക്ഷ നല്‍കിയത്.

2017 ജൂലൈ 25ന് യെമന്‍ സ്വദേശിയെ കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചെന്ന കേസിലാണ് നിമിഷയെ വധശിക്ഷയ്ക്കു വിധിച്ചത്. നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായവാഗ്ദാനവുമായി വന്ന യുവാവ് പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത് ഭാര്യയാക്കിവയ്ക്കാന്‍ ശ്രമിച്ചതാണ് കൊലപാതകത്തിലേക്കു നയിച്ചത്.

ക്രൂരമായ പീഡനത്തിനിരയായിരുന്ന നിമിഷ, ക്ലിനിക്കില്‍ ജോലി ചെയ്തിരുന്ന യുവതിയുടെയും മറ്റൊരു യുവാവിന്റെയും നിര്‍ദേശപ്രകാരം അമിത ഡോസ് മരുന്നു കുത്തിവച്ചത് മരണത്തിന് ഇടയാക്കുകയായിരുന്നു. മരുന്നു കുത്തിവയ്ക്കുന്നതിന് സഹായിച്ച തദ്ദേശിയായ നഴ്‌സ് ഹാന്‍ ഇതേ ജയിലില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week