കൊച്ചി:പ്രേക്ഷകരുടെയും സിനിമ ലോകത്തിന്റെയും നീണ്ട കാലത്തെ കാത്തിരിപ്പിനു ശേഷമാണ് മരക്കാർ തിയറ്ററുകളിലേക്ക് എത്തിയത്. ഡിസംബർ രണ്ടിന് പുലർച്ചെ തന്നെ തിയറ്ററുകൾ ആവേശത്തിലേക്ക് എത്തി. റിലീസിന് മുമ്പു തന്നെ ചിത്രം റിസർവേഷനിലൂടെ മാത്രം 100 കോടി നേടിയിരുന്നു. യു എ ഇയിലും ഓസ്‌ട്രേലിയയിലും എല്ലാം പുതിയ റെക്കോർഡുകൾ കുറിച്ച ചിത്രം കേരളത്തിൽ ഏറ്റവുമധികം പ്രദർശനങ്ങൾ ആദ്യദിവസം നടത്തിയ ചിത്രം എന്ന റെക്കോർഡും കുതിച്ചിരുന്നു. ഇപ്പോഴിതാ മരക്കാറെ ഹൃദയത്തിലേറ്റിയതിന് പ്രേക്ഷകർക്ക് ചിത്രത്തിന്റെ സംവിധായകൻ പ്രിയദർശൻ നന്ദി അറിയിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ വ്യാജപ്പതിപ്പുകൾ പ്രചരിപ്പിക്കുന്നത് നിയമവിരുദ്ധവും മാനുഷികവിരുദ്ധവുമാണെന്നും അദ്ദേഹം കുറിച്ചു.
കേരളത്തിനു പുറത്തും മരക്കാർ നിറഞ്ഞ തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. യു എ ഇയിൽ ആദ്യദിനം മാത്രം 2.98 കോടി രൂപയാണ് ചിത്രം നേടിയിരിക്കുന്നത്. ഓസ്‌ട്രേലിയയിലും ആദ്യദിനത്തിൽ പുത്തൻ റെക്കോർഡാണ് ചിത്രം നേടിയിരിക്കുന്നത്. ഓസ്‌ട്രേലിയൻ സമയം രാത്രി എട്ടു മണി വരെയുള്ള കണക്കനുസരിച്ച് 47,262 ഓസ്‌ട്രേലിയൻ ഡോളറാണ് ചിത്രം നേടിയിരിക്കുന്നത്. ഇന്ത്യൻ രൂപ 25 ലക്ഷത്തിന് മുകളിലാണിത്. 23,228 ഓസ്‌ട്രേലിയൻ ഡോളർ (12 ലക്ഷത്തിലേറെ ഇന്ത്യൻ രൂപ) നേടിയ കുറുപ്പിനെയാണ് മരക്കാർ പിന്നിലാക്കിയത്.
‘ലോകമെമ്പാടുമുള്ള സുഹൃത്തുക്കളും കുടുംബാംഗങ്ങളും മരക്കാറിന് നല്‍കുന്ന നല്ല പ്രതികരണത്തില്‍ ആഹ്ലാദിക്കുന്നു. മരക്കാറിന്റെ മുഴുവന്‍ ടീമിനും ഞാന്‍ നന്ദി പറയുന്നു, എല്ലാവരുടെയും പിന്തുണ ഇല്ലായിരുന്നെങ്കില്‍ ഈ സിനിമ ഉണ്ടാകുമായിരുന്നില്ല’ എന്നാണ് മോഹന്‍ലാല്‍ കുറിച്ചിരിക്കുന്നത്.
വ്യാഴാഴ്ച റിലീസ് ചെയ്ത സിനിമയ്ക്കെതിരെ വ്യാപകമായി ട്രോളുകളും ഡീഗ്രേഡിംഗ് ക്യാംപെയ്നുമാണ് നടക്കുന്നത്. ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങള്‍ യൂട്യൂബിലടക്കം പ്രചരിച്ചിരുന്നു. തിയേറ്ററിനുള്ളില്‍ നിന്ന് മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച അവ്യക്തമായ രംഗങ്ങളാണ് പ്രചരിച്ചത്.
മോഹന്‍ലാലിന്റെയും മറ്റു താരങ്ങളുടെയും ആമുഖ രംഗങ്ങളും ഇതു പോലെ പ്രചരിക്കുന്നുണ്ട്. വ്യാജ പതിപ്പുകള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന നിലപാടിലാണ് നിര്‍മ്മാതാക്കള്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് നൂറ് കോടിക്കടുത്താണ് ബഡ്ജറ്റ്.
കുഞ്ഞാലി മരക്കാര്‍ നാലാമനായാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തിയത്. പ്രഭു, അര്‍ജുന്‍, അശോക് സെല്‍വന്‍, പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, നെടുമുടി വേണു, ഇന്നസെന്റ്, ബാബുരാജ്, വീണ നന്ദകുമാര്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്.