തിരുവനന്തപുരം : സംസ്ഥാനത്ത് വാക്ക് ഇൻ കോവിഡ് ടെസ്റ്റ്’ നടത്താൻ അനുമതി. സർക്കാർ അംഗീകൃത സ്വകാര്യ ലാബുകൾക്ക് വാക്ക് ഇൻ കോവിഡ് ടെസ്റ്റ്’ നടത്താൻ അനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഇതിലൂടെ പൊതുജനങ്ങൾക്ക് സർക്കാർ അംഗീകൃത സ്വകാര്യ ആശുപത്രികളിലും ലാബുകളിലും കോവിഡ് പരിശോധന നടത്താവുന്നതാണ്. ഇപ്രകാരം ചെയ്യുന്നതിലൂടെ രോഗ വിവരം നേരത്തെ കണ്ടെത്തുന്നതിനും ഫലപ്രദമായ ചികിത്സ ഉടൻ ലഭ്യമാക്കാനും സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സ്വകാര്യ ആശുപത്രികൾക്കും ലബോറട്ടറികൾക്കും ആർടിപിസിആർ, എക്സ്പെർട്ട് നാറ്റ്, ട്രൂനാറ്റ്, റാപ്പിഡ് ആന്റിജൻ ടെസ്റ്റ് തുടങ്ങിയ കോവിഡ് പരിശോധനകൾ സർക്കാർ നിശ്ചയിച്ച നിരക്കിൽ നടത്താൻ നേരത്തെ അനുമതി നൽകിയിരുന്നു. ഇതിന് പിന്നാലെ ’വാക്ക് ഇൻ കോവിഡ് ടെസ്റ്റ്’ നടത്താനുള്ള അനുമതിയ്ക്കായി പലരും മുന്നോട്ടു വന്നിരുന്നു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചാണ് സ്വകാര്യ ലാബുകളിൽ വാക്ക് ഇൻ കോവിഡ് പരിശോധനയ്ക്കുള്ള അനുമതി നൽകിയത്.