KeralaNews

സര്‍ക്കാര്‍ ഉത്തരവിന് പുല്ലുവില; സ്വകാര്യ ലാബുകളില്‍ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് പഴയ നിരക്ക് തന്നെ

തിരുവനന്തപുരം: ആര്‍.ടി.പി.സി.ആര്‍ പരിശോധന നിരക്ക് 1,700ല്‍ നിന്നു 500 രൂപയായി കുറച്ച സര്‍ക്കാര്‍ ഉത്തരവിന് പുല്ല് വില നല്‍കി സ്വകാര്യ ലാബുകളുടെ കൊള്ള. പരിശോധനയ്ക്കായി എത്തുന്നവരില്‍ നിന്നു സ്വകാര്യ ലാബുകള്‍ ഇപ്പോഴും ഈടാക്കുന്നത് പഴയ നിരക്ക് തന്നെയാണ്.

നിരക്ക് കുറച്ച ഉത്തരവ് കിട്ടിയില്ലെന്നാണ് സ്വകാര്യ ലാബുകളുടെ ന്യായീകരണം. ഉത്തരവ് ലഭിക്കുന്നത് വരെ 1,700 രൂപ വാങ്ങുമെന്നും ലാബ് ഉടമകള്‍ പ്രതികരിച്ചു. അംഗീകരിച്ച ടെസ്റ്റ് കിറ്റുകള്‍ കുറഞ്ഞ നിരക്കില്‍ വിപണിയില്‍ ലഭ്യമായ സാഹചര്യം വിലയിരുത്തിയാണ് പരിശോധനാ നിരക്ക് കുറച്ചതെന്നാണ് ആരോഗ്യമന്ത്രി വ്യാഴാഴ്ച വിശദമാക്കിയത്. എന്നാല്‍ ഇത് മുഖവിലയ്‌ക്കെടുക്കാതെയാണ് സ്വകാര്യ ലാബുകള്‍ പകല്‍കൊള്ള തുടരുന്നത്.

ഐസിഎംആര്‍ അംഗീകരിച്ച ടെസ്റ്റ് കിറ്റുകള്‍ കുറഞ്ഞ നിരക്കില്‍ വിപണിയില്‍ ലഭ്യമായ സാഹചര്യം വിലയിരുത്തിയാണ് പരിശോധനാ നിരക്ക് കുറച്ചത്. മുമ്പ് ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് 1,500 രൂപയാക്കി കുറച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് 1,700 രൂപയാക്കിയതെന്നും മന്ത്രി വ്യക്തമാക്കിയിരിന്നു.

ടെസ്റ്റ് കിറ്റ്, എല്ലാ വ്യക്തിഗത സുരക്ഷാ ഉപകരണം, സ്വാബ് ചാര്‍ജ് തുടങ്ങിയവ ഉള്‍പ്പെടെയാണ് ഈ നിരക്ക്. ഈ നിരക്ക് പ്രകാരം മാത്രമേ ഐസിഎംആര്‍, സംസ്ഥാന അംഗീകൃത ലബോറട്ടറികള്‍ക്കും ആശുപത്രികള്‍ക്കും പരിശോധന നടത്തുവാന്‍ പാടുള്ളൂ. സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായാണ് എല്ലാ കൊവിഡ് പരിശോധനകളും നടത്തുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button