ബെംഗളൂരു: കർണാടകത്തിൽ സ്വകാര്യ കോളേജുകളിലെ എൻജിനിയറിങ്, ആർക്കിടെക്ചർ കോഴ്‌സുകൾക്ക് 2024-’25 അധ്യയനവർഷം 10 ശതമാനം ഫീസ് വർധിപ്പിക്കാൻ സർക്കാർ അനുമതി നൽകി. ഉന്നതവിദ്യാഭ്യാസമന്ത്രി എം.സി. സുധാകർ, മെഡിക്കൽ വിദ്യാഭ്യാസമന്ത്രി ശരൺ പ്രകാശ് പാട്ടീൽ എന്നിവരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം.
സ്വകാര്യ പ്രൊഫഷണൽ കോളേജ് മാനേജ്‌മെന്റ് പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. വർധിപ്പിച്ച ഫീസ് നിരക്ക് ഉടൻ പുറത്തിറക്കുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എം.എസ്. ശ്രീകർ പറഞ്ഞു. 15 ശതമാനം വർധനയാണ് കർണാടക അൺ എയ്ഡഡ് പ്രൈവറ്റ് എൻജിനിയറിങ് കോളേജസ് അസോസിയേഷൻ (കെ.യു.പി.ഇ.സി.എ.) ആവശ്യപ്പെട്ടിരുന്നത്.
കഴിഞ്ഞ ബി.ജെ.പി. സർക്കാർ 2023-’24 വർഷം 10 ശതമാനം ഫീസ് വർധിപ്പിക്കാൻ അനുമതി നൽകിയിരുെന്നങ്കിലും 2023-ൽ കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ ഇത് ഏഴുശതമാനമായി കുറച്ചു. ഇത് സാമ്പത്തികനഷ്ടം ഉണ്ടാക്കുന്നതായി സ്വകാര്യകോളേജുകൾ സർക്കാരിനെ അറിയിച്ചിരുന്നു.