എറണാകുളം: എറണാകുളം ജില്ലയിൽ ബുധനാഴ്ച സ്വകാര്യ ബസ് പണിമുടക്ക് പ്രഖ്യാപിച്ചു. രാവിലെ ആറു മണി മുതൽ വൈകീട്ട് ആറു മണി വരെയാണ് പണിമുടക്ക്. ഹൈക്കോടതി നിർദേശം മുതലെടുത്ത് സ്വകാര്യ ബസ് ജീവനക്കാരെ പോലീസും മോട്ടോർ വാഹന വകുപ്പും വേട്ടയാടുന്നു എന്നാരോപിച്ചാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.
ജില്ലാ ബസ് ഉടമ, തൊഴിലാളി സംയുക്ത സമിതിയാണ് സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചത്. 30 മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നും സംയുക്ത സമരസമിതി അറിയിച്ചു. ഒരേ ദിവസം ഒരു ബസിനെതിരെ തന്നെ രണ്ടും മൂന്നും കേസുകൾ രജിസ്റ്റർ ചെയ്യുകയാണെന്നു സംയുക്ത സമരസമിതി പരാതിപ്പെടുന്നു.
തൊഴിലാളികളെ ഉദ്യോഗസ്ഥർ ദേഹോപദ്രവം ഏൽപ്പിക്കുന്നുവെന്നും പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ സമരം ശക്തമാക്കുമെന്നും സമിതി അറിയിച്ചു. 10 യൂണിയനുകളിൽ നിന്നുള്ള 1400 ബസുകൾ പണിമുടക്കിൽ പങ്കെടുക്കുമെന്നും സമരസമിതി കൂട്ടിച്ചേർത്തു.