മലപ്പുറത്ത് അടയ്ക്കാ വ്യാപാരിയെ ഹണിട്രാപ്പിൽ കുടുക്കി 50 ലക്ഷം തട്ടിയ 19കാരി പിടിയിൽ

മലപ്പുറം: അടയ്ക്കാ വ്യാപാരിയെ ഹണി ട്രാപ്പില്‍ കുടുക്കി പണവും സ്വര്‍ണവും ഉള്‍പ്പെടെ 50 ലക്ഷം തട്ടിയെടുത്ത കേസില്‍ പെണ്‍കുട്ടി അറസ്റ്റില്‍. 19 കാരിയായ പെൺകുട്ടിയാണ് സംഭവത്തിൽ പിടിയിലായിരിക്കുന്നത്.

ഇതോടെ കേസിലെ മുഴുവന്‍ പ്രതികളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവം നടക്കുന്ന സമയത്ത് പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടി, തന്നെ പീഡിപ്പിച്ചെന്ന് കാണിച്ച് കോടതി വഴി പൊലീസിന് പരാതി നല്‍കിയിരുന്നു.എന്നാൽ പെൺകുട്ടി നൽകിയത് കള്ളക്കേസാണെന്ന് കണ്ടെത്തുകയായിരുന്നു.

പ്രായപൂര്‍ത്തി ആയതോടെ പെണ്‍കുട്ടിയോട് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി അറസ്റ്റ് വരിക്കണമെന്ന് ഹൈക്കോടതി തന്നെ നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് തിരുവനന്തപുരം സ്വദേശിനിയായ പത്തൊന്‍പതുകാരിയെ ചങ്ങരംകുളം സി ഐ ബഷീര്‍ ചിറക്കലിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത് ജുവനൈല്‍ കോടതിയില്‍ ഹാജരാക്കിയത്.

2019ല്‍ നടന്ന സംഭവത്തില്‍ ഇതിനോടകം പ്രധാന പ്രതികളടക്കം 16 പേരെ അന്വേഷണ സംഘം പിടികൂടി. ചാലിശ്ശേരി സ്വദേശിയായ അടയ്ക്ക വ്യാപാരിയെയാണ് സിനിമയില്‍ അഭിനയിപ്പിക്കാമെന്നു വിശ്വസിപ്പിച്ച് എടപ്പാളിലെ ലോഡ്ജില്‍ എത്തിച്ച് മയക്കുമരുന്നു നല്‍കി തട്ടിക്കൊണ്ടുപോയി മര്‍ദിച്ചത്. ആഡംബര കാറും സ്വര്‍ണവും പണവും തട്ടിയെടുത്ത ശേഷം സംഘം കടന്നുകളയുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News