ബുധനാഴ്ച മുതല്‍ സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക്
തിരുവനന്തപുരം: ടിക്കറ്റ് നിരക്ക് വര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്ത് സ്വകാര്യബസുടമകള്‍ ബുധനാഴ്ച മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുന്നു. മിനിമം ബസ് ചാര്‍ജ് 10 രൂപയാക്കുക, കിലോ മീറ്റര്‍ നിരക്ക് 90 പൈസയായും വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക് 5 രൂപയായും വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സംയുക്ത സമരസമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖല കടുത്ത പ്രതിസന്ധിയിലൂടെയാണു കടന്നു പോകുന്നത്. ഇന്‍ഷുറന്‍സ്, സ്പെയര്‍ പാര്‍ട്സ് അടക്കമുള്ള മുഴുവന്‍ ചെലവുകളിലും ഇരട്ടിയിലേറെ വര്‍ധിച്ചു. നിലവിലെ അവസ്ഥയില്‍ മുന്നോട്ടു പോകാന്‍ കഴിയാത്തതിനാലാണു നിരക്കു വര്‍ധന ആവശ്യപ്പെടുന്നത്. മിനിമം ബസ് ചാര്‍ജ് 10 രൂപയാക്കണം. കിലോ മീറ്റര്‍ നിരക്ക് 90 പൈസയായും വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക് 5 രൂപയായും വര്‍ധിപ്പിക്കണമെന്നും സംയുക്ത സമരസമിതി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
പൊതുമേഖലയും സ്വകാര്യ മേഖലയും സംരക്ഷിക്കത്തക്ക നിലയില്‍ സമഗ്ര ഗതാഗത നയം രൂപീകരിക്കുക, 140 കിലോ മീറ്ററില്‍ കൂടുതല്‍ സര്‍വീസ് നടത്തുന്ന ബസുകളുടെ പെര്‍മിറ്റ് പുതുക്കി നല്‍കുക തുടങ്ങിയ ആവശ്യങ്ങളും സമരത്തിന്റെ ഭാഗമായി ഉന്നയിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.