മലപ്പുറം: മുട്ടിലിഴഞ്ഞ് നടുറോഡിലെത്തിയ പിഞ്ചുകുഞ്ഞിന് രക്ഷകരായ സ്വകാര്യ ബസ് ജീവനക്കാരെ അഭിനന്ദിച്ച് മോട്ടോർ വാഹന വകുപ്പ്. എംവിഡി കേരളയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലാണ് ബസ് ജീവനക്കാരായ രാമചന്ദ്രൻ, നവാസ് എന്നിവരെ അഭിനന്ദിച്ചുള്ള കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
എംവിഡി കേരള പങ്കുവെച്ച കുറിപ്പ്
‘നടുറോഡിൽ മുട്ടിൽ ഇഴയുന്ന പിഞ്ചുകുഞ്ഞിനെ കണ്ടാണ് ആ ബസ് നിർത്തിയത്. കൊണ്ടോട്ടി പുളിക്കൽ റോഡിൽ വലിയപറമ്പിൽ ആണ് സംഭവം. ബസ് നിർത്തി കുഞ്ഞിനെ രക്ഷിച്ചത് പുതിയിടത്ത് പറമ്പ് – ഫറോക്ക് റൂട്ടിൽ സർവീസ് നടത്തുന്ന സഫാ മർവാ ബസ്സിലെ ജീവനക്കാരാണ്. ഡ്രൈവർ- ശ്രീ രാമചന്ദ്രൻ, കണ്ടക്ടർ-ശ്രീ നവാസ്.
ബസ്സിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങളിലൂടെയാണ് തികച്ചും ഭീതിജനകമായ ആ രംഗം പുറംലോകം അറിയുന്നത്.
‘അപ്രതീക്ഷിതമായത് പ്രതീക്ഷിക്കുക’ എന്നത് തന്നെയാണ് ഡ്രൈവിങ്ങിൽ ഉടനീളം നാം പാലിക്കേണ്ട മനോഭാവം. സമയോചിതമായി ബസ് നിർത്തുകയും മറ്റ് അപകടങ്ങൾ കൂടാതെ പിഞ്ചു കുഞ്ഞിന്റെ ജീവൻ രക്ഷിച്ച ശ്രീ രാമചന്ദ്രനും ശ്രീ നവാസിനും അഭിനന്ദനങ്ങൾ അറിയിക്കുന്നു’.
മലപ്പുറം കൊണ്ടോട്ടിയിലാണ് നെഞ്ചിടിപ്പുണ്ടാക്കുന്ന സംഭവമുണ്ടായത്. കുഞ്ഞ് നടുറോഡിലിരിക്കുന്നതിന്റെയും ഇതുകണ്ട് ബസ് നിർത്തി ജീവനക്കാരൻ കുഞ്ഞിനെ എടുക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കൊണ്ടോട്ടി പുളിക്കൽ റോഡിൽ വലിയപറമ്പിൽ ബുധനാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം.
നടുറോഡിലിരിക്കുന്ന കുഞ്ഞിനെ കണ്ടതോടെ ഡ്രൈവർ ബസ് നിർത്തുകയും കണ്ടക്ടർ ഇറങ്ങി കുഞ്ഞിനെ എടുക്കുകയുമായിരുന്നു. റോഡിന് സമീപത്തുള്ള വീട്ടിൽനിന്ന് മുട്ടിലിഴഞ്ഞാണ് കുഞ്ഞ് തിരക്കേറിയ റോഡിലേക്ക് എത്തിയത്. ഈസമയം, കുഞ്ഞിന്റെ പിതാവ് വീട്ടുമുറ്റത്ത് പത്രം വായിച്ചിരിക്കുകയായിരുന്നു. കണ്ടക്ടർ കുഞ്ഞിനെ കൈയിലെടുത്ത് കൊണ്ടുചെന്നപ്പോഴാണ് വിവരം വീട്ടുകാർ അറിയുന്നത്. ബസിൽനിന്നുള്ള സിസിടിവി ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

