തൃശൂർ: നിരോധിത പോൺ സൈറ്റിന്റെ സ്റ്റിക്കർ ബസിൽ പതിച്ചതിനെ തുടർന്ന് തൃശൂരിൽ സ്വകാര്യ ബസ് കസ്റ്റഡിയിൽ. പരാതിയെ തുടർന്ന് തൃശൂർ- കൊടുങ്ങല്ലൂർ, കുറ്റിപ്പുറം റൂട്ടിലോടുന്ന മായാവി ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. ബസ്സിൽ ഒട്ടിച്ച സ്റ്റിക്കർ നിർമ്മിച്ചത് പെരുമ്പാവൂരിലാണെന്നാണ് വിവരം. ബസിന്റെ ഉടമയായ കൊടുങ്ങല്ലൂർ സ്വദേശിയോട് സ്റ്റേഷനിൽ ഹാജരായി മൊഴി നൽകാൻ പൊലീസ് ആവശ്യപ്പെട്ടു.
തൃശൂർ- കൊടുങ്ങല്ലൂർ, കുറ്റിപ്പുറം റൂട്ടിലോടുന്ന മായാവി ബസിലാണ് പരാതിക്കടിസ്ഥാനമായ സംഭവമുണ്ടായത്. തൃശൂർ ട്രാഫിക് പൊലീസ് ആണ് ഇന്ന് രാവിലെ എട്ടിന് ബസ് പിടികൂടിയത്. നിരോധിച്ച പോൺ സൈറ്റിന്റെ സ്റ്റിക്കറൊട്ടിച്ചാണ് ബസ് ഓടുന്നതെന്നായിരുന്നു പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ ബസ് സ്റ്റേഷനിലെത്തിക്കാൻ പൊലീസ് ആവശ്യപ്പെടുകയായിരുന്നു. ബസ് എത്തിക്കുമ്പോൾ പോൺ സൈറ്റുകളുടെ സ്റ്റിക്കറുകൾ നീക്കം ചെയ്യണമെന്നും അറിയിച്ചിരുന്നു. തുടർന്ന് സൈറ്റിന്റെ ദൃശ്യങ്ങൾ ഇളക്കിമാറ്റി ബസ് ജീവനക്കാർ സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.
അതേസമയം, വിഷയത്തിൽ പ്രതികരണവുമായി ബസ് ജീവനക്കാർ രംഗത്തെത്തി. സ്റ്റിക്കർ പോൺ സൈറ്റിന്റേതാണെന്ന് അറിയില്ലെന്ന് ബസ് ജീവനക്കാർ പറഞ്ഞു. സ്റ്റിക്കർ ബസ് ജീവനക്കാർ തന്നെ നീക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ബസ് പണിക്കായി പെരുമ്പാവൂരിലെ വർക്ക്ഷോപ്പിൽ കൊണ്ടുപോയിരുന്നു. അവിടത്തെ ജീവനക്കാരായിരിക്കാം ഇത്തരത്തിലുള്ളൊരു സ്റ്റിക്കർ ഒട്ടിച്ചതെന്നാണ് ജീവനക്കാർ നൽകിയി മൊഴി. പൊലീസ് മൊഴി വിശദമായി പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു.
പരാതിയിൽ ഏത് വകുപ്പെടുത്ത് കേസെടുക്കുമെന്നാണ് പൊലീസിന്റെ ആശയക്കുഴപ്പം. ബസിൽ ഇത്തരത്തിലുള്ള സ്റ്റിക്കറുകൾ പതിച്ചുവെന്നതിനാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. ഇതല്ലാതെ മറ്റേതെങ്കിലും തരത്തിലുള്ള വകുപ്പുകൾ ചുമത്തണോയെന്ന് പരിശോധിച്ച് വരികയാണെന്ന് തൃശൂർ സിറ്റി പൊലീസ് അറിയിച്ചു. ഇത്തരത്തിലുള്ള കേസ് തൃശൂർ പൊലീസിന്റെ പക്കൽ ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ ഏത് തരത്തിലുള്ള കേസെടുക്കുമെന്ന ആശയക്കുഴപ്പം പൊലീസിൽ നിലനിൽക്കുകയാണ്. നിലവിൽ ബസ് പൊലീസ് കസ്റ്റഡിയിൽ തുടരുകയാണ്.