മലപ്പുറം: മഴക്കെടുതില്‍ ഉറ്റവരേയും ഉടയവരേയും എല്ലാം നഷ്ടപ്പെട്ട് തകര്‍ന്നിരിക്കുകയാണ് കേരളത്തിലെ ഒരു വിഭാഗം ആളുകള്‍. മണ്ണിടിഞ്ഞും ഉരുള്‍ പൊട്ടിയും വന്‍ ദുരന്തങ്ങളാണ് പലയിടത്തും ഉണ്ടായിരിക്കുന്നത്. മിക്കയിടങ്ങളിലും ഗതാഗതമാര്‍ഗങ്ങളും താറുമാറായ അവസ്ഥയാണ്. എന്നാല്‍ ഈ സമയത്തും സാധാരണക്കാരായ യാത്രക്കാരെ ചിലര്‍ പകല്‍ക്കൊള്ള ചെയ്യുന്നു എന്ന തരത്തിലുള്ള ഫേസ്ബുക്ക് പോസ്റ്റാണ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.
പ്രളയക്കെടുതിക്കിടെ സ്വകാര്യ ബസില്‍ അമിത ചാര്‍ജ്ജ് ഈടാക്കിയെന്ന പരാതിയുമായി യുവാവ് ഇട്ട ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. കോഴിക്കോട് നിന്ന് ഗുരുവായൂരേക്ക് കയറിയ സുഹൃത്തിന്റെ അനുഭവമാണ് മുഹമ്മദ് അജ്മല്‍ സി എന്ന യുവാവ് ഫേസ്ബുക്കിലൂടെ പങ്കുവെക്കുന്നത്. എവിടെ ഇറങ്ങിയാലും 150 രൂപയാണെന്നാണ് ബസുകാര്‍ പറയുന്നതെന്നാണ് യുവാവിന്റെ ആരോപണം. കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസില്‍ 100 രൂപയില്‍ കുറവ് ചാര്‍ജ്ജ് വാങ്ങുമ്പോഴാണ് സ്വകാര്യ ബസ് അമിത ചാര്‍ജ്ജ് ഈടാക്കുന്നതെന്നാണ് പരാതി.
ഇരട്ടി ചാര്‍ജ്ജ് ഈടാക്കണ്ട അത്ര റിസ്‌ക്കൊന്നും കോഴിക്കോട് തൃശ്ശൂര്‍ റൂട്ടില്‍
നിലവില്‍ ഇല്ലെന്നും യുവാവ് പറയുന്നു. പുര കത്തുമ്പോള്‍ വാഴ വെട്ടുന്നവര്‍ എന്ന കുറിപ്പോടെയാണ് യുവാവ് ടിക്കറ്റിന്റെ ചിത്രം പങ്കുവച്ചിരിക്കുന്നത്. സംഭവത്തേക്കുറിച്ച് കോഴിക്കോട് കളക്ടറുടെ ഫേസ്ബുക്ക് പേജ് യുവാവിനോട് ബന്ധപ്പെട്ടിരുന്നുവെന്നും ബസിന്റെ വിവരങ്ങള്‍ നല്‍കിയെന്നും യുവാവ് കൂട്ടിച്ചേര്‍ത്തു.
മുഹമ്മദ് അജ്മലിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം
ഒരു സുഹൃത്ത് കോഴിക്കോട് നിന്ന് ഗുരുവായൂരിലെക്ക് പ്രൈവറ്റ് ബസ് കയറിയതിന് കൊടുത്ത ടിക്കറ്റ് ആണ്.. എവിടെ ഇറങ്ങിയാലും 150 രൂപയാണത്രെ! ഞാനിന്ന് ഈ റൂട്ടില്‍ KSRTC യില്‍ യാത്ര ചെയ്തതാണ്..(ഫാസ്റ്റ് പാസഞ്ചര്‍- ചാര്‍ജ്ജ് 100ല്‍ താഴെ)ഡബിള്‍ ചാര്‍ജ്ജ് ഈടാക്കേണ്ട റിസ്‌ക് ഒന്നും കോഴിക്കോട് തൃശൂര്‍ റൂട്ടില്‍ ഇല്ല..പോരാത്തതിന് ആളുകള്‍ ഒരുപാടും..
ബസ്: AWAFI
നമ്പര്‍ : KL10 AV 637
പുര കത്തുമ്പോള്‍ വാഴ വെട്ടുന്നവര്‍!