ബസ് നിര്‍ത്താതെ പോയത് ചോദ്യം ചെയ്തു; മലപ്പുറത്ത് വിദ്യാര്‍ത്ഥികളെ വണ്ടിയിടിപ്പിച്ച് കൊല്ലാന്‍ ശ്രമം
മലപ്പുറം: വിദ്യാര്‍ത്ഥികളെ കയറ്റാതിരിക്കാന്‍ ബസ് പാഞ്ഞുപോയത് ചോദ്യം ചെയ്ത വിദ്യാര്‍ത്ഥികളെ വണ്ടിയിടിപ്പിച്ച് കൊല്ലാന്‍ ശ്രമം. ബസിനു മുന്നില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. മലപ്പുറം അരീക്കോട് ഐടിഐയ്ക്ക് സമീപം കഴിഞ്ഞദിവസമായിരുന്നു സംഭവം. ഐടിഐ ബസ് സ്റ്റോപ്പില്‍ നിര്‍ത്താതെ പോയ സ്വകാര്യ ബസാണ് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് നടുറോഡില്‍ തടഞ്ഞത്. തുടര്‍ന്ന് ബസ് ജീവനക്കാരും വിദ്യാര്‍ത്ഥികളും തമ്മില്‍ വാക്കേറ്റമായി. ഇതിനിടെ പ്രകോപിതനായ ഡ്രൈവര്‍ മുന്നിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരേ ബസ് ഓടിച്ചുകയറ്റുകയായിരുന്നു. മുന്നിലുണ്ടായിരുന്ന ചിലര്‍ കുതറിമാറിയെങ്കിലും ഒരാള്‍ ബസിന്റെ മുന്‍വശത്ത് കുടുങ്ങി. ബസിന് മുന്നില്‍ തൂങ്ങിപ്പിടിച്ച് നിന്നാണ് ഈ വിദ്യാര്‍ത്ഥി അപകടത്തില്‍നിന്ന് രക്ഷപ്പെട്ടത്. ഈ വിദ്യാര്‍ത്ഥിയുമായി ഏകദേശം 150 മീറ്ററോളം ദൂരം ബസ് സഞ്ചരിക്കുകയും ചെയ്തു.
അതേസമയം, തങ്ങളെ ബസ് ഇടിപ്പിച്ച് കൊലപ്പെടുത്താനാണ് ജീവനക്കാര്‍ ശ്രമിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റതായും ഇവര്‍ പറഞ്ഞു. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ ബസ് തടഞ്ഞ് ജീവനക്കാരെ മര്‍ദിച്ചതായും ബസ് തല്ലിത്തകര്‍ത്തെന്നുമാണ് ബസ് ഉടമയുടെ ആരോപണം. സംഭവത്തില്‍ ഇരുകൂട്ടരും പോലീസില്‍ പരാതി നല്‍കി.