FeaturedHome-bannerKeralaNews

കോവിഡ് ചികിത്സയ്ക്ക് അഞ്ച് ലക്ഷം ബാങ്ക് വായ്പ,വിശദാംശങ്ങൾ ഇങ്ങനെ

മുംബൈ:കോവിഡ് പ്രതിസന്ധി നേരിടാൻ റിസർവ് ബാങ്ക് പ്രഖ്യാപിച്ച അടിയന്തര വായ്പാപദ്ധതികൾ നടപ്പാക്കിത്തുടങ്ങിയതായി ഇന്ത്യൻ ബാങ്ക് അസോസിയേഷൻ (ഐ.ബി.എ.). വ്യക്തികൾക്ക് കോവിഡ് അനുബന്ധ ചികിത്സകൾക്കായി അഞ്ചുലക്ഷം രൂപവരെ അടിയന്തര വായ്പയായി നൽകും

ശമ്പളക്കാർക്കും പെൻഷൻകാർക്കും ശമ്പളേതരക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കായും 25,000 രൂപ മുതൽ പരമാവധി അഞ്ചുലക്ഷം രൂപവരെ ലഭിക്കും. പണലഭ്യതയനുസരിച്ച് ഓരോ ബാങ്കിലും പലിശ നിരക്കിൽ വ്യത്യാസമുണ്ടാകും. എസ്.ബി.ഐ. യിൽ 8.5 ശതമാനമായിരിക്കും പലിശ നിരക്കെന്ന് ചെയർമാൻ ദിനേശ് ഖാര പറഞ്ഞു.

അഞ്ചുവർഷമാണ് വായ്പാ കാലാവധി. കോവിഡ് വായ്പകൾക്ക് മുൻഗണനാ വായ്പകളുടെ പരിഗണന ലഭിക്കുമെന്ന് ഐ.ബി.എ. ചെയർമാൻ രാജ് കിരൺ റായ് പത്രസമ്മേളനത്തിൽ അറിയിച്ചു.

ആരോഗ്യ മേഖലയ്ക്കായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച എമർജൻസി ക്രെഡിറ്റ് ലൈൻ ഗാരന്റി സ്കീമിൽ (ഇ.സി.എൽ.ജി.എസ്.) ഉൾപ്പെടുത്തി ആശുപത്രികൾക്കും നഴ്സിങ് ഹോമുകൾക്കും ഓക്സിജൻ പ്ലാന്റും വൈദ്യുതി ബാക്കപ്പ് സംവിധാനവും ഒരുക്കുന്നതിന് രണ്ടുകോടി രൂപവരെ അടിയന്തര ബിസിനസ് വായ്പയായി അനുവദിക്കും. 7.5 ശതമാനം നിരക്കിലുള്ള ഈ വായ്പ അഞ്ചുവർഷംകൊണ്ട് തിരിച്ചടച്ചാൽ മതിയാകും.

കൂടാതെ, ആരോഗ്യമേഖലയിൽ നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി ആശുപത്രികൾ, നഴ്സിങ് ഹോമുകൾ, ക്ലിനിക്കുകൾ, ലാബുകൾ, പതോളജി ലാബുകൾ തുടങ്ങിയവയ്ക്ക് വായ്പകൾ നൽകും. മെട്രോ നഗരങ്ങളിൽ പരമാവധി 100 കോടിയും ടയർ-1 നഗരങ്ങളിൽ 20 കോടിയും ടയർ-2 മുതൽ ടയർ നാല് വരെയുള്ള കേന്ദ്രങ്ങളിൽ പത്തുകോടി രൂപ വരെയുമാണ് വായ്പ അനുവദിക്കുക. കുറഞ്ഞ പലിശ നിരക്കിൽ പത്തുവർഷ കാലാവധിയിലുള്ളതാണ് ഈ വായ്പകൾ.

സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ 25 കോടി രൂപ വരെയുള്ള വായ്പകൾ റിസർവ് ബാങ്ക് നിർദേശ പ്രകാരം പുനഃക്രമീകരിക്കുന്നതിന് നടപടി തുടങ്ങിയതായി എസ്.ബി.ഐ. ചെയർമാൻഅറിയിച്ചു. പത്തുലക്ഷം രൂപ വരെയുള്ള വായ്പകൾ, പത്തുലക്ഷം മുതൽ പത്തുകോടി രൂപ വരെയുള്ള വായ്പകൾ, അതിനു മുകളിലുള്ള വായ്പകൾ എന്നിങ്ങനെ മൂന്നായി തിരിച്ചായിരിക്കും നടപടികൾ. പുനഃക്രമീകരണത്തിന് അർഹരായവരുടെ പട്ടിക ബാങ്ക് ശാഖകൾക്ക് നൽകും. ഉപഭോക്താക്കളെ എസ്.എം.എസ്. മുഖേനയും വിവരമറിയിക്കും.

അപേക്ഷാ ഫോമും അപേക്ഷിക്കേണ്ട രീതിയും ബാങ്കുകളുടെ വെബ്സൈറ്റുകളിൽ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.കേന്ദ്രസർക്കാർ പ്രഖ്യാപിച്ച മൂന്നുലക്ഷം കോടി രൂപയുടെ ഗാരന്റീഡ് വായ്പാ പദ്ധതിയിൽ (ഇ.സി.എൽ.ജി.എസ്.) വ്യോമയാന മേഖലയെക്കൂടി ഉൾപ്പെടുത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker