ന്യൂഡൽഹി : പ്രധാനമന്ത്രിയുടെ ഇന്റേൺഷിപ്പ് സ്‌കീം ലോഞ്ച് ചെയ്ത് ഒരു ദിവസത്തിനകം രജിസ്റ്റർ ചെയ്തത് ഒന്നര ലക്ഷത്തോളം ഉദ്യോഗാർത്ഥികൾ. 2024 – 25 കേന്ദ്ര ബജറ്റിലാണ് ഈ പദ്ധതി പ്രഖ്യാപിച്ചത്. ഈ ഒരു പദ്ധതിയിലൂടെ നിരവധി അവസരങ്ങളാണ് യുവാക്കൾക്ക് ലഭിക്കാൻ പോവുന്നത്. കോളേജിൽ നിന്ന് പുതുതായി പുറത്തുവരുന്ന വിദ്യാർത്ഥികളുടെ തൊഴിൽ വിടവ് നികത്തുന്നതിനാണ് പ്രധാനമന്ത്രി ഇന്റേൺഷിപ്പ് പദ്ധതി ലക്ഷ്യമിടുന്നത്.
ഇതുവരെ 193 കമ്പനികളാണ് പദ്ധതിയിൽ ഇന്റേൺഷിപ്പ് വാഗ്ദാനവുമായി രംഗത്തെത്തിയിരിക്കുന്നത്. ജൂബിലന്റ് ഫുഡ്വർക്‌സ്, മാരുതി സുസുകി ഇന്ത്യ, എൽ & ടി, മുത്തൂറ്റ് ഫിനാൻസ്, റിലയൻസ് ഇൻഡസ്ട്രീസ് തുടങ്ങിയ നിരവധി കമ്പനികൾ നിലവിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 737 ജില്ലകളിൽ ഈ പദ്ധതി വഴി ഇന്റേൺഷിപ്പുകൾക്ക് അവസരമൊരുങ്ങുക.
തൊഴിലില്ലായ്മ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ പ്രധാനമന്ത്രി ഇന്റേൺഷിപ്പ് പ്രോഗ്രാം പ്രഖ്യാപിച്ചത്. യുവാക്കൾക്ക് അവരുടെ കഴിവുകൾ മെച്ചപ്പെടുത്താനും മികച്ച പരിശീലനം നേടാനും മികച്ച ജോലി നേടാനും കേന്ദ്ര സർക്കാർ കൊണ്ടുവന്ന പദ്ധതിയാണ് പ്രധാനമന്ത്രിയുടെ ഇന്റേൺഷിപ്പ് സ്‌കീം.
ഈ പദ്ധതിയിലൂടെ ഏകദേശം ഒരു കോടി യുവ ബിരുദധാരികൾക്ക് 500-ലധികം മുൻനിര കമ്പനികളിൽ ഇന്റേൺഷിപ്പ് അവസരങ്ങൾ നൽകും. 12 മാസമാണ് ഇന്റേൺഷിപ്പ് കാലാവധി. ഇന്റേണുകൾക്ക് പ്രതിമാസം 5,000 രൂപ സ്‌റ്റൈപ്പൻഡ് ലഭിക്കും. സർക്കാർ നൽകുന്ന 4,500 രൂപയും അവരുടെ csr ഫണ്ടുകൾ വഴി കമ്പനി 500 രൂപയും നൽകും.