KeralaNews

പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലേക്ക്; എറണാകുളത്ത് റോഡ് ഷോ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലേക്ക് എത്തുന്നു. ജനുവരി 16, 17 തിയ്യതികളിൽ നരേന്ദ്ര മോദി കേരളത്തിൽ എത്തും. രണ്ടാം വരവിൽ രണ്ട് ജില്ലകളിലാണ് മോദിയുടെ സന്ദർശനം. എറണാകുളം, തൃശ്ശൂർ ജില്ലകളിൽ മോദി പങ്കെടുക്കുന്ന പരിപാടി സംഘടിപ്പിക്കും.

ജനുവരി 16 ന് എറണാകുളത്ത് റോഡ് ഷോ നടത്തും. 17 ന് ഗുരുവായൂരിൽ ശക്തികേന്ദ്രം ചുമതലക്കാരുടെ യോഗത്തിൽ മോദി പങ്കെടുക്കും. സന്ദർശന ദിവസം ഹെലിപാഡ് പരിസരത്തേക്ക് പ്രവർത്തകരോട് എത്താൻ നിർദേശം നൽകിയിട്ടുണ്ട്.

ജനുവരി മൂന്നിന് ബിജെപിയുടെ മഹിള സം​ഗമം ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശൂരിൽ എത്തിയിരുന്നു. തേക്കിൻകാട് മൈതാനിയിലാണ് മഹിള സം​ഗമത്തിന് വേദിയൊരുക്കിയത്. നടി ശോഭന, ബീനാ കണ്ണൻ, വൈക്കം വിജയലക്ഷ്മി, ഉമാ പ്രേമൻ, മറിയക്കുട്ടി, ക്രിക്കറ്റ് താരം മിന്നു മണി എന്നിവർ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിട്ടിരുന്നു. തൃശൂരിൽ പ്രധാനമന്ത്രി റോഡ് ഷോ നടത്തുകയും ചെയ്തു.

തൃശൂരിൽ കേരള സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് നരേന്ദ്ര മോദി ഉന്നയിച്ചത്. കേന്ദ്ര പദ്ധതികൾ നടപ്പാക്കാൻ അനുവദിക്കുന്നില്ല. തൃശൂർ പൂരത്തിൽ രാഷ്ട്രീയക്കളിയാണ് അരങ്ങേറുന്നത്. ശബരിമലയിലും സർക്കാരിൻ്റെ കഴിവുകേട് വ്യക്തമാണ്.

കേരളത്തിൻ്റെ വികസനത്തിന് ബിജെപി ജയിക്കണമെന്നു പറഞ്ഞ മോദി ഇൻഡ്യ മുന്നണിയെ കേരളത്തിൽ പരാജയപ്പെടുത്തണമെന്നും കൂട്ടിച്ചേർത്തു. സ്വർണക്കടത്ത് കേസ് പരാമർശിക്കാനും മോദി മറന്നില്ല. ഏത് ഓഫീസ് കേന്ദ്രീകരിച്ചാണ് സ്വർണക്കടത്ത് നടന്നതെന്ന് എല്ലാവർക്കും അറിയാമെന്നും നരേന്ദ്ര മോദി പറഞ്ഞിരുന്നു.

അതേസമയം പ്രധാനമന്ത്രിയുടെ സന്ദർശനത്തിനായി തേക്കിൻകാട് മൈതാനത്തിലെ ആൽമരത്തിന്റെ ശിഖിരങ്ങൾ മുറിച്ചുമാറ്റിയതിലും വിമർശനമുയർന്നു. ആൽമരത്തിന്റെ ശിഖിരം മുറിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺ​ഗ്രസ് രം​ഗത്തെത്തി. മോദി സംസാരിച്ച വേദിയിൽ ചാണക വെളളം തളിക്കാൻ ശ്രമിച്ചത് ബിജെപി പ്രവത്തകരും യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരും തമ്മിലുളള തർക്കത്തിന് കാരണമാകുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button