കൊച്ചി: രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയിലെത്തും. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച വിമാന വാഹിനി യുദ്ധക്കപ്പൽ ഐ എൻ എസ് വിക്രാന്ത് നാളെ രാജ്യത്തിന് സമർപ്പിക്കും. രാവിലെ 9.30 നാണ് വിക്രാന്തിന്റെ കമ്മിഷനിംഗ് ചടങ്ങുകൾ നടക്കുക. കേന്ദ്രമന്ത്രിമാരും സംസ്ഥാന മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരുമടക്കം നിരവധി വിശിഷ്ട വ്യക്തികൾ പങ്കെടുക്കും.
ഇന്ന് വൈകിട്ട് നാലിന് നെടുമ്പാശേരിയിൽ വിമാനമിറങ്ങുന്ന പ്രധാനമന്ത്രി വിമാനത്താവളത്തിന് പുറത്ത് ബി ജെ പി ഒരുക്കുന്ന യോഗത്തിൽ പ്രസംഗിക്കും. തുടർന്ന് കാലടി ആദിശങ്കര ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തും. ശൃംഗേരിമഠം അഡ്മിനിസ്‌ട്രേറ്റർ വി.ആർ. ഗൗരിശങ്കർ പൂർണകുംഭം നൽകി സ്വീകരിക്കും. ശ്രീശാരദ സന്നിധിയിലാണ് ആദ്യം ദർശനം. ശ്രീകോവിലിൽ മംഗളാരതിയിൽ പങ്കെടുക്കും. ശ്രീശങ്കരന്റെ അമ്മ ആര്യാംബയുടെ സമാധിയും ശ്രീശക്തി ഗണപതി സന്നിധിയും സന്ദർശിക്കും.
കൊച്ചി മെട്രോയുടെ പുതിയ പാതയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. നെടുമ്പാശേരി സിയാൽ കൺവെൻഷൻ സെന്ററിൽ വൈകിട്ട് ആറിനാണ് ചടങ്ങ് നടക്കുക. ഇൻഫോപാർക്ക് രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടനവും നിർവഹിക്കും.
പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് കൊച്ചിയിൽ കർശന സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഉച്ചയക്ക് രണ്ട് മണിമുതൽ എട്ട് മണിവരെ വിമാനത്താവളത്തിലേക്ക് യാത്രക്കാരെ പ്രവേശിപ്പിക്കില്ല. എംസി റോഡിൽ അങ്കമാലി മുതൽ കാലടി വരെയും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.