FeaturedHome-bannerNationalNews

രാജ്യത്തിന് സ്വാതന്ത്രദിന സമ്മാനം,നൂറ് ലക്ഷം കോടിയുടെ ഗതിശക്തി പദ്ധതി പ്രഖ്യാപിച്ച പ്രധാനമന്ത്രി

ന്യൂഡൽഹി:75-ാം സ്വാതന്ത്ര ദിനാഘോഷത്തില്‍ രാജ്യം. പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി. സേനാ വിഭാഗങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. പുതു ഊര്‍ജം നല്‍കുന്ന വര്‍ഷമാകട്ടെയന്ന് പ്രധാനമന്ത്രി ആശംസിച്ചു. എല്ലാ സ്വാതന്ത്ര്യസമര പോരാളികളെയും സ്മരിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. നൂറ് ലക്ഷം കോടിയുടെ ഗതിശക്തി പദ്ധതി പ്രഖ്യാപിച്ച മോദി, ആധുനിക അടിസ്ഥാന സൌകര്യവികസനം ഉറപ്പാക്കുമെന്നും പറഞ്ഞു. സഹകരണ പ്രസ്ഥാനങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും ഗ്രാമങ്ങളിലേക്ക് കൂടുതല്‍ വികസന പദ്ധതികള്‍ എത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.

തലമുറകള്‍ ഇത് ഓര്‍ക്കുമെന്നും മോദി പറഞ്ഞു. ധീരമായാണ് രാജ്യം കൊവിഡിനെതിരെ പോരാടിയത്. ലോകത്ത് തന്നെ ഏറ്റവും മികച്ച വാക്സിനേഷന്‍ പരിപാടിയാണ് രാജ്യത്ത് നടക്കുന്നത്. 54 കോടി ആളുകളിലേക്ക് വാക്സിന്‍ എത്തി. കൊവിന്‍ പോര്‍ടല്‍ ലോകത്തിന് മാതൃകയാണെന്നും മോദി പറഞ്ഞു. കൊവിഡ് കാലത്ത് 80 കോടി ആളുകളിലേക്ക് റേഷന്‍ എത്തിച്ചു. രോഗവ്യാപനം ലോക രാജ്യങ്ങളെ അപേക്ഷിച്ച്‌ കുറഞ്ഞു. എന്നാല്‍, വലിയ പരിശ്രമത്തിലും ഒരുപാട് പേരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയാതെപോയി. കൊവിഡ് വലിയ വെല്ലുവിളിയായിരുന്നു. എല്ലാവരിലേക്കും ഒരുപോലെ എത്തുന്ന വികസനമാണ് ലക്ഷ്യം. കഠിനാദ്ധ്വാനത്തിലൂടെ മാത്രമെ ലക്ഷ്യം കൈവരിക്കാനാകു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേട്ടങ്ങള്‍ക്കായി ഒരുപാട് കാലം കാത്തിരിക്കാനാകില്ല. ലക്ഷ്യങ്ങളിലേക്ക് രാജ്യം വേഗത്തില്‍ എത്തിച്ചേരണം. 4.5 കോടി കുടുംബങ്ങള്‍ക്ക് 2 വര്‍ഷത്തിനുള്ളില്‍ പൈപ്പ് വഴിയുള്ള ശുദ്ധജലം ഉറപ്പാക്കായി. രാജ്യത്തെ എല്ലാ പാവപ്പെട്ടവര്‍ക്കും സഹായം എത്തിക്കാന്‍ സാധിച്ചു. എല്ലാവര്‍ക്കും ഒരുപോലെ മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗ്രാമങ്ങളില്‍ മികച്ച ചികിത്സ ഇപ്പോള്‍ ലഭിക്കുന്നു. ആശുപത്രികളില്‍ ഓക്സിജന്‍ പ്ളാന്റുകളും സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. മെഡിക്കല്‍ പ്രവേശനത്തില്‍ ഒബിസി സംവരണം ഉറപ്പാക്കിയിട്ടുണ്ട്. ഒബിസി ക്വാട്ട നിശ്ചയിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കുകയാണ്. വികസന യാത്രയില്‍ എല്ലാവരെയും ഒരുപോലെ കാണുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനങ്ങളിലെ സഹകരണ പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്തുമെന്നും നരേന്ദ്രമോദി പറഞ്ഞു. ഗ്രാമങ്ങളെ വികസനത്തിന്‍റെ പാതയിലേക്ക് ഉയര്‍ത്തുകയാണ്. രാജ്യത്ത് ചെറുകിട കര്‍ഷകരാണ് അധികവും. ഈ കര്‍ഷകരെ സഹായിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ചെറുകിട കര്‍ഷകര്‍ക്കായി 1.5 ലക്ഷം കോടി രൂപയുടെ പദ്ധതി ഒരുക്കി. കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നേരിട്ട് സഹായം എത്തിക്കുമെന്നും കാര്‍ഷിക മേഖലയിലെ പരിഷ്കരണമാണ് ലക്ഷ്യമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button