FeaturedNationalNews

കൊവിഡ് വ്യാപനം രൂക്ഷമാകുന്നു; പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതലയോഗം

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഉന്നതലയോഗം ചേര്‍ന്നു. കാബിനറ്റ് സെക്രട്ടറി, പ്രിന്‍സിപ്പല്‍ സെക്രട്ടറി, ആരോഗ്യ സെക്രട്ടറി എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. രാജ്യത്തെ കൊവിഡ് വ്യാപനം ശക്തമാകുന്നതും വാക്‌സിനേഷന്‍ പുരോഗമിക്കുന്നതും യോഗത്തില്‍ ചര്‍ച്ചയായി.

രാജ്യത്ത് ഇന്നലെ 93,249 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സപ്തംബറിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിദിന വര്‍ധനയാണിത്. 60,048 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ 513 പേര്‍ വൈറസ് ബാധ മൂലം മരിച്ചു.

രാജ്യത്ത് ഇതുവരെ 1,24,85,509 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,16,29,289 പേര്‍ രോഗമുക്തി നേടി. 6,91,597 പേരാണ് ചികിത്സയിലുള്ളത്. കൊവിഡ് ബാധിച്ച് ആകെ മരിച്ചവരുടെ എണ്ണം 1,64,623 ആയി. ഇന്നലെ 7,59,79,651 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

അതേസമയം കൊവിഡിന്റെ രണ്ടാം വരവില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് മുംബൈ നഗരം. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതിയതായി 9,090 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതേസമയത്ത്, 27 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ബ്രിഹന്‍ മുംബൈ കോര്‍പ്പറേഷന്റെ റിപ്പോര്‍ട്ട് അനുസരിച്ച് 5322 പേര്‍ക്കാണ് രോഗം ഭേദമായത്.

നഗരത്തില്‍ ഇതുവരെ 3.66 ലക്ഷം പേര്‍ക്ക് രോഗം ഭേദമായി. 62,187 ആക്ടീവ് കേസുകളാണ് നിലവിലുള്ളത്. ഇന്നലെ 8832 കേസുകളായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്ര സംസ്ഥാനത്തും കേസുകള്‍ കുത്തനെ ഉയരുകയാണ്. കഴിഞ്ഞ ദിവസം മാത്രം 47827 പുതിയ കേസുകള്‍ സ്ഥിരീകരിച്ചു. മരണ സംഖ്യയും ഉയര്‍ന്നു. 202 പേരാണ് മരിച്ചത്.

പൂനെയിലും സ്ഥിതി ഗുരുതരമാണന്നാണ് വിവരം. പുനെയില്‍ 10,873 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 52 പേര്‍ മരണത്തിന് കീഴടങ്ങി. 84.49 ശതമാനമാണ് മഹാരാഷ്ട്രയിലെ രോഗമുക്തി നിരക്ക്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button