കൊച്ചി: ആലുവയില്‍ അതിക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുടെ അന്ത്യകര്‍മ്മങ്ങള്‍ നടത്താന്‍ഡ പൂജാരിമാര്‍ വിസമ്മതിച്ചതായി ആരോപണം. കുട്ടിയുടെ അന്ത്യകര്‍മ്മങ്ങള്‍ നിര്‍വഹിച്ച പൂജാരി രേവന്താണ് ഇക്കാര്യം അറിയിച്ചത്. ആലുവ എം എല്‍ എ അന്‍വര്‍ സാദത്തിനോടൊപ്പമാണ് അദ്ദേഹം മാധ്യമങ്ങളോട് ഇക്കാര്യം വ്യക്തമാക്കിയത്.
‘ആലുവയില്‍ പോയി, മാളയില്‍ പോയി, കുറുമശേരി ഭാഗത്തൊക്കെ അലഞ്ഞു. അവിടെ നിന്നൊന്നും ഒരു പൂജാരിയും വരാന്‍ തയ്യാറായില്ല. അവരൊന്നും മനുഷ്യരല്ല, അവര്‍ ചോദിച്ചത് ഹിന്ദിക്കാരുടെ കുട്ടിയല്ലേ എന്നാണ്. അപ്പോള്‍ ഞാന്‍ വിചാരിച്ചു, നമ്മുടെ മോളുടെ കാര്യമല്ലേ, ഞാന്‍ തന്നെ കര്‍മ്മം ചെയ്യാം. എനിക്ക് കര്‍മ്മങ്ങള്‍ അത്ര നന്നായി അറിയുന്ന ആളല്ല, ഒരു മരണത്തിനേ ഇതിന് മുമ്പ് കര്‍മ്മം ചെയ്തിട്ടുള്ളൂ. ഇതൊക്കെ കേട്ടപ്പോള്‍ എനിക്ക് ആകെ വല്ലായ്മ തോന്നി’- രേവന്ത് പറഞ്ഞു.
രേവന്ത് ഇക്കാര്യം പറഞ്ഞതിന് പിന്നാലെ അന്‍വര്‍ സാദത്ത് എം എല്‍ എ അദ്ദേഹത്തെ ആലിംഗനം ചെയ്തു. കീഴ്മാട് പൊതുശ്മശാനത്തിലാണ് കുട്ടിയെ സംസ്‌കരിച്ചത്. ഇതിന് ശേഷമാണ് രേവന്ത് മാധ്യമങ്ങളോട് ഇക്കാര്യം വ്യക്തമാക്കിയത്. അഞ്ച് വയസുകാരി പഠിച്ച സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷമാണ് സംസ്‌കാരം നടന്നത്. സഹപാഠികളും അധ്യാപകരും നാട്ടുകാരും ഉള്‍പ്പടെ വന്‍ ജനാവലിയായിരുന്നു സ്‌കൂളില്‍ എത്തിയത്.
വെള്ളിയാഴ്ച വൈകീട്ടാണ് ബീഹാര്‍ സ്വദേശിയായ 5 വയസുകാരിയെ കാണാതായത്. ആലുവ മാര്‍ക്കറ്റിലെ ബയോഗ്യാസ് പ്ലാന്റിനോട് ചേര്‍ന്ന പുഴയോരത്ത് ചാക്കില്‍ക്കെട്ടിയ നിലയിലായിരുന്നു മൃതദേഹം. പ്രതി അസം സ്വദേശ് അസ്ഫാക്ക് ആലത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതേസമയം, അഞ്ച് വയസുകാരിയുടെ കൊലപാതകത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷവും ബി ജെ പിയും അടക്കം രംഗത്തെത്തിയിട്ടുണ്ട്.
സ്ത്രീകള്‍ക്കെതിരെയും കുട്ടികള്‍ക്കെതിരെയുമുള്ള അതിക്രമങ്ങള്‍ തടയുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ യുപി മോഡല്‍ നടപ്പിലാക്കി കേരളത്തിലെ ക്രമസമാധാനം സംരക്ഷിക്കണമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു.
ആലുവയില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട കുഞ്ഞിന്റെ മൃതശരീരം സന്ദര്‍ശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ പൊലീസ് സംവിധാനം പൂര്‍ണമായും തകര്‍ന്നു കഴിഞ്ഞു. യുപിയില്‍ ക്രിമിനലുകളെയും മാഫിയകളെയും കൈകാര്യം ചെയ്യുന്ന രീതി കേരളത്തിലും മാതൃകയാക്കണം. ആഭ്യന്തരവകുപ്പ് പൂര്‍ണ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു.