ബോളിവുഡ് താരം സണ്ണി ലിയോണിന്റെ ഏറ്റവും പുതിയ വീഡിയോ ആൽബം നിരോധിക്കണമെന്ന് മഥുരയിലെ പുരോഹിതന്മാർ. ‘മധുബൻ മേം രാധികാ നാച്ചെ’ എന്ന ഗാനരംഗത്തിലെ നൃത്തം അശ്ലീലമാണെന്നും മതവികാരങ്ങൾ വ്രണപ്പെടുത്തുന്നതാണെന്നുമാണ് ഇവരുടെ ആരോപണം.
1960ൽ കോഹിനൂർ എന്ന ചിത്രത്തിൽ മുഹമ്മദ് റാഫി പാടിയ ഗാനമാണ് സണ്ണി ലിയോൺ ആൽബത്തിനായി ഉപയോഗിച്ചിരിക്കുന്നത്.
ആൽബം നിരോധിച്ച് നടിക്കെതിരെ സർക്കാർ നടപടി സ്വീകരിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് വൃന്ദാവനിലെ സന്ത് നവൽഗിരി മഹാരാജ് പറഞ്ഞു. നൃത്തത്തിലെ രംഗങ്ങൾ പിൻവലിച്ച് പരസ്യമായി മാപ്പ് പറഞ്ഞില്ലെങ്കിൽ നടിയെ ഇന്ത്യയിൽ തുടരാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇക്കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് മധുബൻ എന്ന ആൽബം പുറത്തിറങ്ങിയത്. കനിക കപൂറും അരിന്ദം ചക്രവർത്തിയുമാണ് ആൽബത്തിന് വേണ്ടി ഗാനമാലപിച്ചിരിക്കുന്നത്.
കൃഷ്ണനും രാധയും തമ്മിലുള്ള പ്രണയത്തെക്കുറിച്ച് പരാമർശിക്കുന്ന വരികളെ അശ്ലീലം കലർത്തി നൃത്താവിഷ്കാരം ഒരുക്കിയതിന് വീഡിയോയ്ക്ക് താഴെ സണ്ണിക്കെതിരേ വിമർശനമുണ്ട്.