ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യ ദുരുപയോഗം ചെയ്ത് യുവതിയുടെയും അമ്മയുടെയും അശ്ലീല ചിത്രങ്ങൾ നിർമിച്ച പുരോഹിതൻ അറസ്റ്റിൽ. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സുമിത് നേംചന്ദ് ശർമ്മ (27) എന്ന പുരോഹിതനെയാണ് അഹമ്മദാബാദ് സിറ്റി സൈബർ ക്രൈം ബ്രാഞ്ച് ഡൽഹിയിൽ നിന്ന് അതിസാഹസികമായി പിടികൂടിയത്. യുവതി തന്റെ പ്രണയ അഭ്യർത്ഥനയും സൗഹൃദവും നിരസിച്ചതിന്റെ കടുത്ത പ്രതികാരമായാണ് ഇയാൾ ഈ ക്രൂരത ചെയ്തത്. തുടർന്ന് ഈ ചിത്രങ്ങൾ വിവിധ വ്യാജ സമൂഹമാദ്ധ്യമ അക്കൗണ്ടുകൾ ഉണ്ടാക്കി അതിലൂടെ പരസ്യപ്പെടുത്തുകയും ചെയ്തു.
ഗുജറാത്ത് സ്വദേശിയായ യുവതിയാണ് ഈ സൈബർ അധിക്ഷേപത്തിനിരയായത്. സമൂഹമാദ്ധ്യമങ്ങളിലൂടെ നിരന്തരം മതപ്രചാരണം നടത്തുന്നയാളാണ് പ്രതിയായ സുമിത് നേംചന്ദ്. ഇൻസ്റ്റാഗ്രാമിലൂടെയാണ് ഇയാൾ ഗുജറാത്തി യുവതിയുമായി ആദ്യമായി പരിചയത്തിലാകുന്നത്. തുടക്കത്തിൽ തികച്ചും മതപരമായ കാര്യങ്ങളാണ് ഇവർ ചാറ്റിലൂടെ സംസാരിച്ചിരുന്നത്. എന്നാൽ പിന്നീട് യുവതിയുമായി കൂടുതൽ അടുത്ത സൗഹൃദമുണ്ടാക്കാൻ പുരോഹിതൻ ശ്രമിച്ചെങ്കിലും യുവതി അത് കർശനമായി നിരസിക്കുകയായിരുന്നു. ഇതിൽ പ്രകോപിതനായ ഇയാൾ 2025 ഡിസംബർ മുതൽ കഴിഞ്ഞ ഏപ്രിൽ ആറുവരെ യുവതിയെ സമൂഹമാദ്ധ്യങ്ങളിലൂടെ നിരന്തരം പിന്തുടർന്ന് ശല്യം ചെയ്തിരുന്നു.
യുവതിയുടെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ നിന്ന് യുവതിയുടെയും അമ്മയുടെയും ചിത്രങ്ങൾ രഹസ്യമായി ഡൗൺലോഡ് ചെയ്താണ് പ്രതി തന്റെ ലാപ്ടോപ്പിൽ സൂക്ഷിച്ചത്. തുടർന്ന് അത്യാധുനിക എഐ ഡീപ്ഫേക്ക് (Deepfake) സാങ്കേതികവിദ്യ ഉപയോഗിച്ച് ഇവരുടെ മുഖം അശ്ലീല ചിത്രങ്ങളിലേക്ക് മോർഫ് ചെയ്ത് മാറ്റുകയായിരുന്നു. ഇത്തരത്തിൽ നൂറിലധികം നഗ്നചിത്രങ്ങളും വീഡിയോകളുമാണ് ഇയാൾ നിർമിച്ചതെന്ന് സൈബർ പോലീസ് കണ്ടെത്തി.
യുവതിയുടെയും അമ്മയുടെയും പേരിൽ ഇൻസ്റ്റാഗ്രാം, യൂട്യൂബ് എന്നിവയിൽ വ്യാജ അക്കൗണ്ടുകൾ തുടങ്ങിയ പ്രതി, ഈ നഗ്നചിത്രങ്ങൾ അതിൽ പരസ്യമായി അപ്‌ലോഡ് ചെയ്യുകയും ചെയ്തു. ഇതിന് പുറമെ ചിത്രങ്ങൾക്ക് താഴെ സ്വന്തമായി അതീവ അശ്ലീല കമന്റുകളും ഇയാൾ പോസ്റ്റ് ചെയ്തിരുന്നു. അഹമ്മദാബാദ് സൈബർ പോലീസിൽ യുവതി നേരിട്ട് നൽകിയ പരാതിയെത്തുടർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് സുമിത് ഡൽഹിയിലെ ഒളിത്താവളത്തിൽ നിന്ന് അറസ്റ്റിലായത്. ഇയാളുടെ ഡിജിറ്റൽ ഉപകരണങ്ങൾ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
The Ahmedabad City Cyber Crime Branch has arrested a 27-year-old priest, Sumit Nemchand Sharma, from Delhi for using Artificial Intelligence (AI) to create morphed obscene photos and videos of a young woman and her mother. The accused resorted to cyber defamation after the Gujarat-based woman rejected his friendship. Sumit, who initially connected with her via Instagram for religious discussions, downloaded photos of the victim and her mother to generate over 100 deepfake nude images. He then uploaded them on fake Instagram and YouTube accounts with vulgar captions. Following a complaint, the police tracked him down using cyber forensics.


