33.4 C
Kottayam
Saturday, May 4, 2024

ക്ഷേത്രംവക ഭൂമിയില്‍ വിളഞ്ഞ ഗോതമ്പ് വില്‍ക്കാന്‍ ചെന്ന പൂജാരിയോട് ശ്രീരാമന്റെ ആധാര്‍ കാര്‍ഡ് ആവശ്യപ്പെട്ട് അധികാരികള്‍!

Must read

ലക്‌നൗ: ക്ഷേത്രഭൂമിയില്‍ വിളഞ്ഞ ഗോതമ്പ് വില്‍ക്കാന്‍ ചെന്ന പൂജാരിയോട് ശ്രീരാമന്റെ ആധാര്‍ കാര്‍ഡ് ആവശ്യപ്പെട്ട് അധികാരികള്‍. കുര്‍ഹാര വില്ലേജിലെ അട്ടാര ടെഹ്സില്‍ എന്ന സ്ഥലത്താണ് സംഭവം.

രാംജാനകി ക്ഷേത്രത്തിലെ പൂജാരി മഹന്ത് രാം കുമാര്‍ ദാസിനോടാണ് ദൈവത്തിന്റെ ആധാര്‍ കാര്‍ഡ് ഹാജരാക്കാന്‍ ആവശ്യപ്പെട്ടത്. നൂറ് ക്വിന്റല്‍ ഗോതമ്പാണ് വില്‍പ്പനയ്ക്കായി സര്‍ക്കാര്‍ മണ്ഡിയിലെത്തിച്ചത്. ധാന്യങ്ങള്‍ വില്‍ക്കണമെങ്കില്‍ സ്ഥലത്തിന്റെ ഉടമയുടെ ആധാര്‍ കാര്‍ഡ് ഹാജരാക്കണമെന്നാണ് നിയമം. ഏഴ് ഹെക്ടര്‍ വരുന്ന ക്ഷേത്രഭൂമി ശ്രീരാമന്റെയും സീതാദേവിയുടെയും പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവരുടെ ആധാര്‍ കാര്‍ഡ് ഉണ്ടെങ്കിലേ സര്‍ക്കാര്‍ മാര്‍ക്കറ്റുകളില്‍ ധാന്യം വില്‍ക്കാന്‍ സാധിക്കൂ.

പൂജാരി സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിനെ കണ്ട് പരാതി പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. ആധാര്‍ കാര്‍ഡുണ്ടെങ്കില്‍ മാത്രമേ രജിസ്ട്രേഷന്‍ നടത്താന്‍ കഴിയുവെന്നാണ് മജിസ്ട്രേറ്റ് വ്യക്തമാക്കിയത്. കഴിഞ്ഞ വര്‍ഷം 150 ക്വിന്റല്‍ ധാന്യം സര്‍ക്കാര്‍ മണ്ഡിയില്‍ വിറ്റതാണെന്നും ഏഴ് വര്‍ഷമായി ഇങ്ങനെ വില്‍ക്കാറുണ്ടെന്നും ഇങ്ങനെയൊരു അനുഭവം ആദ്യമാണെന്നും പൂജാരി പറയുന്നു.

നിയമം ഉണ്ടാക്കിയത് സര്‍ക്കാര്‍ ആണെന്നും ഭൂമിയുടെ ഉടമസ്ഥതയിലുള്ള വ്യക്തിയുടെ ആധാര്‍ കാര്‍ഡ് ഹാജരാക്കിയാലേ ധാന്യം വില്‍ക്കാന്‍ കഴിയുവെന്നും ഒരാള്‍ക്ക് വേണ്ടി നിയമം മാറ്റാനാകില്ലെന്നും ജില്ലാ സപ്ളൈ ഓഫീസറും വ്യക്തമാക്കി.

ഓണ്‍ലൈന്‍ വഴി രജിസ്ട്രേഷന്‍ നടത്തിയ ശേഷമാണ് മഹന്ത് ദാസ് മണ്ഡി എന്ന് വിളിക്കുന്ന സര്‍ക്കാര്‍ വക മാര്‍ക്കറ്റില്‍ ഗോതമ്പ് വില്‍ക്കാനെത്തുന്നത്. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ കൂടുന്ന ഇത്തരം ചന്തകളില്‍ കര്‍ഷകര്‍ക്ക് നേരിട്ട് സാധനങ്ങള്‍ വില്‍ക്കാം. ഇത്തരം വില്‍പനയ്ക്ക് ഭൂ ഉടമസ്ഥന്റെ ആധാര്‍ കാര്‍ഡ് വേണമെന്ന നിയമമാണ് വില്‍പന പ്രതിസന്ധിയിലാക്കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week