മധുര: ഭാരത മാതാവിനെ അപമാനിച്ച് വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസില്‍ ക്രിസ്ത്യന്‍ പുരോഹിതന്‍ അറസ്റ്റില്‍. കന്യാകുമാരി സ്വദേശി ജോര്‍ജ് പൊന്നയ്യയെയാണ് തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തത്. മധുരയില്‍ നിന്നാണ് ജോര്‍ജ് പൊന്നയ്യയെ പിടികൂടിയത്.
കഴിഞ്ഞ ഞായറാഴ്ച കന്യാകുമാരി അരമനയില്‍ നടന്ന യോഗത്തില്‍ നടത്തിയ പ്രസംഗത്തെ തുടര്‍ന്നാണ് അറസ്റ്റ്. ഭാരതമാതാവില്‍ നിന്നു രോഗം പകരാതിരിക്കാനാണു ചെരിപ്പും ഷൂസും ഉപയോഗിക്കുന്നതെന്നായിരുന്നു വിവാദ പരാമര്‍ശങ്ങള്‍. ഭൂമിയെ ദേവിയായി കാണുന്നതിനാല്‍ ചെരുപ്പ് ഇടാറില്ലെന്ന ബിജെപി എംഎല്‍എ എം ആര്‍ ഗാന്ധിയുടെ പ്രസ്താവനയോടു പ്രതികരണമായാണ് വൈദീകന്റെ പരാമര്‍ശം.
വിവാദ പ്രസംഗം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ, ജോര്‍ജ് പൊന്നയ്യയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബി.ജെ.പിയും ആര്‍എസ്എസും രംഗത്തെത്തി. കന്യാകുമാരിയില്‍ മാത്രം 30 ല്‍ അധികം പരാതികളാണു പോലീസിന് ലഭിച്ചത്.
ഇതോടെ കന്യാകുമാരിയില്‍ നിന്നും ഇയാള്‍ മുങ്ങുകയായിരുന്നു. തുടര്‍ന്ന് മധുരയിലെ കല്ലിക്കുടിയില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മതസ്പര്‍ധ, സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കല്‍, കൊവിഡ് നിയന്ത്രണങ്ങള്‍ മറികടന്നു യോഗം നടത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ജോര്‍ജ് പൊന്നയ്യനു മേല്‍ ചുമത്തിയിട്ടുണ്ട്.