KeralaNews

ജനുവരി മുതല്‍ വസ്ത്രങ്ങള്‍ക്കും ചെരുപ്പിനും വിലവര്‍ധിക്കും; ജി.എസ്.ടി ഘടന പരിഷ്‌കരിക്കുന്നു

ന്യൂഡല്‍ഹി: അടുത്ത വര്‍ഷത്തോടെ വസ്ത്രങ്ങള്‍ക്കും ചെരുപ്പിനും വിലവര്‍ധിച്ചേക്കും. നികുതി ഘടന പരിഷ്‌കരിക്കുന്നതോടെയാണ് അടുത്തവര്‍ഷം ജനുവരി മുതല്‍ വിലവര്‍ധനവുണ്ടാവുക. ഈ ഉത്പന്നങ്ങളുടെ ജിഎസ്ടി അഞ്ച് ശതമാനത്തില്‍നിന്ന് 12ശതമാനമാക്കിയാണ് ഉയര്‍ത്തുന്നത്. വ്യാപാരത്തിനാവശ്യമായ വസ്തുക്കള്‍ വാങ്ങിയതിന്റെ നികുതി കുറവുചെയ്യുന്നതു സംബന്ധിച്ച(ഇന്‍പുട് ടാക്സ് ക്രഡിറ്റ്) ക്രമീകരണത്തില്‍ അപാകമുണ്ടാകുന്നതിനാലാണ് നികുതിഘടന ഏകീകരിക്കാന്‍ സമിതി ശുപാര്‍ശചെയ്തത്.

നിലവില്‍ 1000 രൂപവരെ വിലയുള്ള വസ്ത്രങ്ങള്‍ക്ക് 5 ശതമാനമാണ് ജിഎസ്ടി. അതിനുമുകളിലുള്ളവയ്ക്ക് 12ശതമാനവും. അതുപോലെതന്നെ 1000 രൂപയ്ക്കുതാഴെയുള്ള പാദരക്ഷക്ക് അഞ്ചുശതമാനവും അതിന് മുകളിലുള്ളവക്ക് 18ശതമാനവുമാണ് നികുതി ഈടാക്കുന്നത്. 12 ശതമാനമെന്ന ഏകീകൃത നികുതിയായിരിക്കും വസ്ത്രങ്ങള്‍ക്ക് ബാധകമാകുക.

അതേസമയം, പാദരക്ഷകള്‍ക്ക് രണ്ട് നിരക്കിലുമാകും നികുതി പരിഷ്‌കരിച്ചേക്കുക. 1000 രൂപവരെയുള്ളവയ്ക്ക് 12ശതമാനവും അതിനുമുകളിലുള്ളവയക്ക് 18ശതമാനവും. തുണിത്തരങ്ങളുടെയും പാദരക്ഷയുടെയും തീരുവ ജനുവരി മുതല്‍ പരിഷ്‌കരിക്കാന്‍ സെപ്റ്റംബര്‍ 17ന് ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗമാണ് തീരുമാനിച്ചത്.

അതേസമയം, നികുതി നിരക്കിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടിരുന്നില്ല. വസ്ത്രം, ചെരുപ്പ് എന്നിവ നിര്‍മ്മിക്കാനാവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ക്ക് ഉയര്‍ന്ന നിരക്കാണ് നിലവിലുള്ളത്. നികുതി ക്രമീകരണത്തില്‍ ബുദ്ധിമുട്ടുള്ളതിനാല്‍ അതിന്റെ ഭാരംകൂടി നിര്‍മാതാക്കള്‍ നിലവില്‍ ഉപഭോക്താവിന് കൈമാറുകയാണ് ചെയ്യുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button