പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾ തെറ്റ് : വിശദീകരണവുമായി പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ്

തിരുവനന്തപുരം:പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണങ്ങൾ തള്ളി
പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് കമ്പനി രംഗത്തെത്തി.കേരള സര്‍ക്കാരിന്റെ മോട്ടോര്‍ വാഹന വകുപ്പിനായി പ്രവര്‍ത്തിക്കുന്ന സ്ഥാപനം പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡാണെന്ന് (പിഡബ്ല്യുസിപിഎല്‍) കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.

പിഡബ്ല്യുസിപിഎല്‍ കണ്‍സള്‍ട്ടിങ് സേവനം നല്‍കുന്ന ലിമിറ്റഡ് ലയബിലിറ്റി കമ്പനിയാണ്, ഒരു ഓഡിറ്റ് സ്ഥാപനമല്ല. 2018 ജനുവരിയിലെ സെബി ഉത്തരവ് പിഡബ്ല്യുസിപിഎല്ലിന് ബാധകമല്ല എന്നു മാത്രമല്ല പിഡബ്ല്യുസിപിഎല്ലിനെതിരെ ഏതെങ്കിലും തരത്തിലുള്ള നിരോധനവും നിലനില്‍ക്കുന്നില്ല.

പ്രൈസ് വാട്ടര്‍ ഹൗസ് ഓഡിറ്റ് സ്ഥാപനത്തിനെതിരെ ഓഡിറ്റ് സര്‍വീസിന് നല്‍കുന്നതില്‍ നിന്ന് രണ്ടു വര്‍ഷത്തേക്ക് നിരോധനമുണ്ടെന്ന സെബി ഉത്തരവാകട്ടെ 2019 സെപ്റ്റംബറില്‍ ബഹുമാനപ്പെട്ട സെക്യൂരിറ്റീസ് ആന്‍ഡ് അപ്പലെറ്റ് ട്രൈബ്യൂണല്‍ (എസ്എറ്റി) നീക്കിയിരുന്നു. എസ്എറ്റിയുടെ ഉത്തരവിനെതിരെ പിന്നീട് സെബി ബഹുമാനപ്പെട്ട സുപ്രീംകോടതിയെ സമീപിച്ചതിനെ തുര്‍ന്ന് വിഷയം ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്. എന്നാല്‍, പ്രൈസ് വാട്ടര്‍ ഹൗസ് ഓഡിറ്റ് സ്ഥാപനത്തിന് ഇന്ത്യയില്‍ സേവനം അനുഷ്ഠിക്കുന്നതിന് ബഹുമാനപ്പെട്ട സുപ്രീംകോടതി സ്റ്റേ ഏര്‍പ്പെടുത്തിയിട്ടുമില്ലെന്നും പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് പ്രസ്താവനയില്‍ വ്യക്തമാക്കി.